35 വയസ്സിന് മുകളിലുള്ളവർ ആരോഗ്യ പരിശോധന നടത്തണം: നിർദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
Sep 17, 2026, 15:22 IST
ഒമാനിൽ 35 വയസ്സിന് മുകളിലുള്ളവർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനും ഇത്തരം പതിവ് പരിശോധനകൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 17-ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം ഈ നിർദേശം നൽകിയത്. ‘ജീവിതകാലം മുഴുവൻ സുരക്ഷിത പരിചരണത്തിലേക്ക്’ എന്ന സന്ദേശവുമായി നടത്തുന്ന ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി, പൊതുജനങ്ങൾ സമീപത്തെ ആരോഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.