പിസിഒഎസ് ഇനി 'പിഎംഒഎസ്'; വെറുമൊരു ആർത്തവ തകരാറല്ലെന്ന് ഗവേഷകർ; പേര് മാറ്റുന്നത് ആഗോളതലത്തിൽ

 

സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന ഹോർമോൺ തകരാറായ പിസിഒഎസ് (PCOS) എന്ന പേര് പരിഷ്കരിക്കാൻ ആഗോളതലത്തിൽ തീരുമാനം. ഇനി മുതൽ ഇത് 'പോളിസിസ്റ്റിക് മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം' (PMOS) എന്നാകും അറിയപ്പെടുക. കേവലം അണ്ഡാശയത്തിലെ സിസ്റ്റുകൾ (Cysts) എന്നതിലുപരി, ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യത്തെ ബാധിക്കുന്ന സങ്കീർണ്ണമായ അവസ്ഥയാണിതെന്ന് വ്യക്തമാക്കാനാണ് ഈ മാറ്റം. മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് പ്രശസ്തമായ 'ദി ലാൻസെറ്റ്' ജേർണലിൽ പ്രസിദ്ധീകരിച്ചു.

എന്തുകൊണ്ട് പിഎംഒഎസ്?

പലപ്പോഴും ആർത്തവ തകരാറായി മാത്രം നിസ്സാരവൽക്കരിക്കപ്പെടുന്ന ഈ അവസ്ഥ ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം, ഹൃദയാരോഗ്യം, മാനസികാരോഗ്യം എന്നിവയെയും ബാധിക്കുന്നുണ്ട്. പലരിലും അണ്ഡാശയത്തിൽ സിസ്റ്റുകൾ കാണപ്പെടാറില്ലെങ്കിലും മറ്റ് മെറ്റബോളിക് ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് പേരിൽ 'മെറ്റബോളിക്' (Metabolic) എന്ന വാക്കുകൂടി ഉൾപ്പെടുത്തി ഗൗരവം വർദ്ധിപ്പിക്കുന്നത്. 14 വർഷം നീണ്ട വിലയിരുത്തലുകൾക്കും 22,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേകൾക്കും ശേഷമാണ് പേരുമാറ്റത്തിനുള്ള നിർദ്ദേശം വന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ക്രമേണ അവതരിപ്പിക്കും. 2028-ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ മാത്രം ഏകദേശം 4.4 കോടി സ്ത്രീകൾ ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ആർത്തവ തകരാറുകൾക്കൊപ്പം ശരീരഭാരം കൂടുക, ചർമ്മ പ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം എന്നിവയെയും ഒരു മെറ്റബോളിക് ഡിസോർഡർ എന്ന നിലയിൽ ഗൗരവമായി കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.