ദുബൈയിൽ ആരോഗ്യ ബോധവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടം; 'ജാഹിസിയ' കൂടുതൽ മേഖലകളിലേക്ക്
പൊതുജനങ്ങളിൽ ആരോഗ്യ ബോധവത്കരണം വർധിപ്പിക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാനുമായി 'ജാഹിസിയ' (Jahiziah) പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് ദുബൈയിൽ തുടക്കമായി. എമിറേറ്റ്സ് നാഷണൽ മെഡിക്കൽ പ്രിപ്പേർഡ്‌നെസ് ആൻഡ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി വെർച്വൽ ക്ലിനിക്കുകളും കമ്മ്യൂണിറ്റി അധിഷ്ഠിത മെഡിക്കൽ വളണ്ടിയർ പരിശീലന പരിപാടികളുമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. എമിറേറ്റിലെ പ്രധാന താമസ മേഖലകളിൽ ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുന്നതിനൊപ്പം വിദൂര മെഡിക്കൽ പരിശോധനകൾ ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഇമാറാത്തി ഡോക്ടർമാരുടെ നേതൃത്വത്തിൽ വെർച്വൽ ക്ലിനിക്കുകൾ വഴി വൈദ്യപരിശോധനകളും ബോധവത്കരണ മാർഗനിർദ്ദേശങ്ങളും നൽകുന്നതിനൊപ്പം പ്രഥമ ശുശ്രൂഷയിൽ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകും. അടിയന്തര സാഹചര്യങ്ങളിൽ സമൂഹത്തിന്റെ പ്രതികരണ ശേഷി വർധിപ്പിക്കാൻ ഈ പരിശീലനം സഹായിക്കും. എമിറേറ്റ്സ് മെഡിക്കൽ റിസർവ് ടീം, എമിറേറ്റ്സ് റസ്യൂസിറ്റേഷൻ അസോസിയേഷൻ, യു.എ.ഇ കമ്മ്യൂണിറ്റി എമർജൻസി റെസ്‌പോൺസ് ടീം തുടങ്ങി സർക്കാർ-സ്വകാര്യ മേഖലകളിലെ നിരവധി സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദേശീയ കമ്മ്യൂണിറ്റി എമർജൻസി മെഡിക്കൽ ടീമുകളുടെ മേൽനോട്ടത്തിൽ ദുബൈയിലുടനീളം മൊബൈൽ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കുകളും മൊബൈൽ ട്രെയിനിംഗ് യൂണിറ്റുകളും പ്രവർത്തിക്കും. ഇതോടെ ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും എത്തിക്കാൻ സാധിക്കും. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വലിയൊരു വിഭാഗം വളണ്ടിയർമാരെ സജ്ജമാക്കാനും ഈ രണ്ടാം ഘട്ടത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.