കുതിർക്കാം, അടച്ചുവെച്ച് പാകം ചെയ്യാം; ഗ്യാസ് ഉപയോഗത്തിൽ വേണം കരുതൽ
രാജ്യത്ത് പാചകവാതക വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഇന്ധന ഉപയോഗത്തിൽ മിതത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിത്യജീവിതത്തിലെ പാചകരീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ് ഗണ്യമായ തോതിൽ ലാഭിക്കാൻ സാധിക്കും. ഇതിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് പാചകത്തിന് പ്രഷർ കുക്കറുകൾ ഉപയോഗിക്കുക എന്നതാണ്. കുക്കറിൽ ഒരേസമയം ഒന്നിലധികം വിഭവങ്ങൾ പാകം ചെയ്യുന്നത് സമയം ലാഭിക്കാൻ സഹായിക്കും. കൂടാതെ, അരിയും മറ്റ് ധാന്യവർഗ്ഗങ്ങളും പാകം ചെയ്യുന്നതിന് 15 മിനിറ്റ് മുൻപ് വെള്ളത്തിൽ കുതിർത്തുവെച്ചാൽ അവ പെട്ടെന്ന് വെന്ത് കിട്ടും.
പാചകം ചെയ്യുമ്പോൾ പാത്രങ്ങൾ എപ്പോഴും അടച്ചുവെക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം വേവാനാവശ്യമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുന്നതും പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി അരിയുന്നതും പാചകം വേഗത്തിലാക്കാൻ സഹായിക്കും. സ്റ്റൗവിലെ വലിയ ബർണറുകൾ വലിയ പാത്രങ്ങൾക്കായി മാത്രം മാറ്റിവെക്കുകയും ചെറിയ പാത്രങ്ങൾക്ക് ചെറിയ ബർണർ ഉപയോഗിക്കുകയും ചെയ്യുന്നത് തീ പാഴാകുന്നത് ഒഴിവാക്കും. പാത്രങ്ങളുടെ പുറത്തേക്ക് ജ്വാല പടരാത്ത വിധം തീ ക്രമീകരിക്കണം. കൂടാതെ പാത്രങ്ങളുടെ അടിഭാഗത്ത് ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്റ്റൗവിൽ വെക്കുക. കവർ പാൽ (പാസ്ചറൈസ്ഡ്) നേരിട്ട് ഉപയോഗിക്കാമെന്നതിനാൽ അവ വീണ്ടും തിളപ്പിക്കുന്നത് ഒഴിവാക്കാം.
പച്ചയായും ആവിയിൽ വേവിച്ചും കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കുന്നത് ആരോഗ്യത്തിനും ഇന്ധന ലാഭത്തിനും ഗുണകരമാണ്. മാംസാഹാരത്തേക്കാൾ വേഗത്തിൽ പാകം ചെയ്യാവുന്ന സസ്യാഹാരങ്ങൾക്ക് മുൻഗണന നൽകാം. ഗ്യാസിന് ബദലായി ഇൻഡക്ഷൻ അടുപ്പ്, ഓവൻ, എയർ ഫ്രൈയർ, ബയോഗ്യാസ്, ഇലക്ട്രിക് കെറ്റിൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായിക്കും. പാത്രങ്ങളുടെ അടിവശത്തെ കരി കൃത്യമായി വൃത്തിയാക്കുന്നത് താപം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.