സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ

 

ലോകത്തു സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന് . സെർവിക്കൽ ക്യാൻസർ ഗർഭാശയമുഖത്ത് ആരംഭിക്കുന്നു. സെർവിക്‌സിലെ കോശങ്ങൾ ക്യാൻസർ ആയി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയാണ് മിക്കവാറും എല്ലാ സെർവിക്കൽ ക്യാൻസർ കേസുകൾക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്‌പിവി പടരുന്നത്.

സെർവിക്കൽ ക്യാൻസർ ബോധവത്കരണ മാസമാണ് ജനുവരി. പാപ് സ്‌മിയർ പോലുള്ള പതിവ് പരിശോധനകൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. രോഗം നേരത്തെ കണ്ടെത്തിയാൽ രോഗം തടയാനും പൂർണമായും സുഖപ്പെടുത്താനും സാധിക്കും.അപകടസാധ്യത കുറയ്ക്കുന്നതിന് എച്ച്‌പിവി വാക്സിനും എടുക്കേണ്ടത് വളരെ പ്രധാനമാണ്.സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തെ അപകടത്തിലാക്കുകയും സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി ദുർബലമാകുകയോ എച്ച്‌പിവി ബാധയുണ്ടായിരിക്കുകയോ ചെയ്‌താൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. അതേപോലെ പുകവലിക്കുന്നത് സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള വിവിധതരം ക്യാൻസറുകൾക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. മറ്റൊന്ന് കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെങ്കിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങൾ, ഉദാഹരണത്തിന് എസ്ടിഐകൾ എച്ച്പിവി സാധ്യത വർദ്ധിപ്പിക്കും. ഇത് സെർവിക്കൽ ക്യാൻസറിലേക്ക് നയിച്ചേക്കാം. ഹെർപ്പസ്, സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ, എച്ച്‌ഐവി/എയ്‌ഡ്‌സ് എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില സാധാരണ എസ്ട‌ിഐകളാണ്.ഗർഭനിരോധന ഗുളികകൾ പോലുള്ള ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ദീർഘനേരം കഴിച്ചാലും സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.