ആമസോണിലും ടിക് ടോക്കിലും വിൽക്കുന്ന വിലകുറഞ്ഞ 'വെള്ളി' ആഭരണങ്ങളിൽ അർബുദത്തിന് കാരണമാകുന്ന വിഷലോഹം; റിപ്പോർട്ട് പുറത്ത്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലൂടെയും (Amazon) ടിക് ടോക്ക് ഷോപ്പുകളിലൂടെയും (TikTok Shop) വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ അർബുദത്തിനും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന അപകടകരമായ കാഡ്മിയം (Cadmium) എന്ന വിഷലോഹത്തിന്റെ വൻ സാന്നിധ്യം കണ്ടെത്തി. 'ദി സൺഡേ ടൈംസ്' നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ആമസോണിൽ നിന്നും ടിക് ടോക്കിൽ നിന്നും വാങ്ങിയ വിവിധ ആഭരണങ്ങൾ യുകെയിലെ ബിർമിംഗ്ഹാം അസെ ഓഫീസിൽ എത്തിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമിതമായ അളവിൽ കാഡ്മിയം കണ്ടെത്തിയത്. ഒന്നാന്തരം വെള്ളിയെന്ന വ്യാജേന 2.99 പൗണ്ടിന് (ഏകദേശം 386 രൂപ) വിറ്റ മോതിരത്തിൽ 92.3% കാഡ്മിയമാണ് അടങ്ങിയിരുന്നത്. ഇത് യുകെ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ 9,000 മടങ്ങ് കൂടുതലാണ്.
'ഗുയിസാല' എന്ന നിർമ്മാതാക്കൾ ടിബറ്റൻ സിൽവർ, 999 സിൽവർ എന്നീ പേരുകളിൽ വിറ്റ ആഭരണങ്ങളിൽ നിയമപരമായ പരിധിയേക്കാൾ 5,000 മടങ്ങ് അധികം കാഡ്മിയം കണ്ടെത്തി. 'പെർഫോം പേൾസ്' എന്ന ബ്രാൻഡ് 925 സിൽവർ എന്ന പേരിൽ വിറ്റ ബ്രേസ്‌ലെറ്റിൽ 33% കാഡ്മിയം (നിയമപരമായ പരിധിയായ 0.01 ശതമാനത്തിന്റെ 3,300 മടങ്ങ്) അടങ്ങിയിട്ടുണ്ടെന്നും വ്യക്തമായി. 'ഡെർവിവിയ' എന്ന ബ്രാൻഡിന്റെ ആഭരണങ്ങളെക്കുറിച്ച് മുൻപും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ബാറ്ററികളുടെ നിർമ്മാണത്തിലും മറ്റും ഉപയോഗിക്കുന്ന വെളുത്ത ലോഹമായ കാഡ്മിയം ശരീരത്തിൽ അടിഞ്ഞുകൂടുന്നത് അതീവ അപകടകരമാണ്:
- അവയവങ്ങളുടെ പ്രവർത്തനം: അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിച്ച് ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോമലേസിയ എന്നിവയ്ക്ക് കാരണമാകുന്നു.
- വൃക്ക, ശ്വാസകോശ രോഗങ്ങൾ: വൃക്കയിൽ അടിഞ്ഞുകൂടി പ്രവർത്തനം തകരാറിലാക്കുകയും കെമിക്കൽ ന്യൂമോണൈറ്റിസ്, ശ്വാസകോശാർബുദം എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു.
- ത്വക്കിലൂടെയുള്ള ഭീഷണി: കാഡ്മിയം അടങ്ങിയ ആഭരണങ്ങൾ കുട്ടികൾ വായിലിടുകയോ ചർമ്മത്തിലെ മുറിവുകളിലൂടെ ഇവ ശരീരത്തിനുള്ളിൽ കടക്കുകയോ ചെയ്യുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
വാർത്ത പുറത്തുവന്നതോടെ ആമസോണും ടിക് ടോക്കും പ്രതികരണവുമായി രംഗത്തെത്തി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും നിയമങ്ങൾ ലംഘിച്ച പ്രൊഡക്റ്റുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയതായും ആമസോൺ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിതരംഗക്കാരെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കിയതായും ഉയർന്ന തോതിൽ കാഡ്മിയം അടങ്ങിയ ആഭരണങ്ങൾ തിരിച്ചുവിളിക്കാൻ (Recall) നിർദ്ദേശം നൽകിയതായും ടിക് ടോക്കും വ്യക്തമാക്കി.