അധികം കുടിച്ചാൽ വെള്ളവും അപകടമാകും; മരണത്തിന് വരെ കാരണമാകും

 

ശരീരത്തിൽ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നതിനും, വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും, ശരീര താപനില നിയന്ത്രിക്കാനുമൊക്കെ വെള്ളം ഇല്ലാതെ പറ്റില്ല. എന്നാൽ വെള്ളം കുറവ് കുടിക്കുന്നത് പോലെ തന്നെ അധികമായി കുടിക്കുന്നത് ശരീരത്തിന് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ശരീരത്തിൽ അധികമുള്ള ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുകയും ഇത് ഹൈപോനാട്രീമിയക്ക് കാരണമാകുകയും ചെയ്യും. തലവേദന, ഛര്‍ദ്ദി, ഓക്കാനം, ചുഴലി രോഗം തുടങ്ങി ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ ഇത് എത്തിക്കുമെന്നും ആകാശ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറും സീനിയര്‍ കണ്‍സൽറ്റന്റുമായ ഡോ. ഉമേഷ് ഗുപ്ത ദ ഹെല്‍ത്ത്‌സൈറ്റ്. കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

ഒരു പരിധിയിൽ കൂടുതൽ വെള്ളം മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്കകള്‍ക്ക് കഴിയില്ല. ഒരു മണിക്കൂറിൽ 0.8 മുതല്‍ ഒരു ലീറ്റര്‍ വെള്ളം മാത്രമേ വൃക്കകള്‍ക്ക് അരിച്ചു കളയാനാവൂ. ഇതിന് മുകളിലുള്ള അളവില്‍ വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അവയെ നീക്കം ചെയ്യാനാവില്ല.

ഇത് കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്നോ നാലോ ലീറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ ഹൈപോനാട്രീമിയ ലക്ഷണങ്ങളും ഉണ്ടാവും. ഭക്ഷണത്തിലൂടെയും സ്‌പോര്‍ട്‌സ് ഹൈഡ്രേഷന്‍ പാനീയങ്ങളിലൂടെയും സോഡിയം പോലുള്ള അവശ്യ ഇലക്ട്രോളൈറ്റുകള്‍ ഉള്ളിലെത്തിക്കാതെ വെറുതേ വെള്ളം മാത്രം തുടര്‍ച്ചയായി കുടിച്ചു കൊണ്ടിരിക്കുന്നതും ഹൈപോനാട്രീമിയക്ക് കാരണമാകാം. 

ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനത്തിന്റെ തോത്, മുലയൂട്ടല്‍ പോലുള്ള പല ഘടകങ്ങളും അനുസരിച്ചാണ് ഒരാളുടെ ശരീരത്തിന് എത്ര ലിറ്റർ വെള്ളം ഒരു ദിവസം വേണമെന്ന് കണക്കാക്കുന്നത്. പുരുഷന്മാര്‍ പ്രതിദിനം 3.7 ലീറ്ററും സ്ത്രീകള്‍ പ്രതിദിനം 2.7 ലീറ്ററും വെള്ളം കുടിക്കണമെന്ന് യുഎസ് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ നിര്‍ദ്ദേശിക്കുന്നത്. മുലയൂട്ടുന്നവര്‍ സാധാരണയിലും കൂടുതല്‍ വെള്ളം കുടിക്കണം. അതുപോലെ മറ്റു ഭക്ഷണങ്ങളിൽ നിന്നും നമ്മുടെ ശരീരത്തിലേക്ക് വെള്ളമെത്തുമെന്ന് ഓർക്കുകയും വേണം.