30 വയസ്സുള്ള ഫെമിനിസ്റ്റായ യുവതി; ബംഗ്ലാവും 20 ഏക്കർ ഫാം ഹൗസുമുള്ള ധനികനായ യുവാക്കളെ തേടുന്നു, വിവാഹ പരസ്യം വൈറൽ 

 

 

ജീവിതപങ്കാളിക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് വിവരിക്കുന്ന പല മാട്രിമോണിയല്‍ പരസ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഒരു വേറിട്ട വിവാഹ പരസ്യമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. പരസ്യത്തിൽ 30 വയസ്സുള്ള ഫെമിനിസ്റ്റായിട്ടുള്ള യുവതി വരനെ തേടുന്നു എന്നാണ് കൊടുത്തിരിക്കുന്നത്. 

സുന്ദരനും സുമുഖനുമായ 25നും 28നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ നിന്നാണ് വരനെ തേടുന്നത്. സ്വന്തമായി ബിസിനസും ബംഗ്ലാവും 20 ഏക്കർ ഫാം ഹൗസുമുള്ള ധനികനായ യുവാവിനെയാണ് തേടുന്നതെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം, പാചകവും അറിഞ്ഞിരിക്കണം. വിദ്യസമ്പന്നയായ യുവതി മുതലാളിത്തത്തിനെതിരെ സാമൂഹിക മേഖലയിൽ ജോലി ചെയ്യുകയാണെന്നാണ് പരസ്യത്തിൽ പറയുന്നത്.

എന്തായാലും പരസ്യത്തിന്‍റെ ചിത്രം ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ തങ്ങളുടെ സുഹൃത്തുക്കളെ ടാ​ഗ് ചെയ്താണ് പോസ്റ്റ് വൈറലാക്കിയത്. മറ്റു ചിലര്‍ ഈ പരസ്യം വ്യാജമാണെന്നും പറയുന്നു.