പാമ്പ് കടിയേറ്റ് മരിക്കുന്നതിനുകാരണം വിഷം മാത്രമല്ല; ഇതറിയാതെ പോകരുത്
വിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ പാമ്പിന് പിന്നാലെ പോകാതെ ആദ്യം ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ. ഏതിനം പാമ്പ് കടിച്ചാലും പ്രതിവിഷം ഒന്നുതന്നെയാണ്. കടിയേറ്റയാൾ പാമ്പിന് പിന്നാലെ പോയാൽ വിഷം ശരീരത്തിൽ കൂടുതൽ പരക്കാൻ കാരണമാകും. ഇത് മരണം വിളിച്ചുവരുത്തും.
മൂർഖൻ, അണലി, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയുടെ കടിയേൽക്കുന്ന സംഭവങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ഇനം പാമ്പുകളുടെ വിഷമനുസരിച്ചുള്ള ട്രീറ്റ്‌മെന്റ് ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് കടിച്ച പാമ്പിനെ പിടിക്കാനുള്ള പെടാപ്പാട്.
കടിച്ച പാമ്പിനെ ആശുപത്രിൽ എത്തിച്ചിട്ടും യുവാവിന്റെ ജീവൻ നഷ്‌ടപ്പെട്ട സംഭവം ജില്ലയിൽ അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇവിടെ സമയനഷ്‌ടമായിരുന്നു വില്ലൻ. നിരന്തര നിരീക്ഷണത്തിലൂടെയാണ് കടിയേറ്റയാൾക്ക് പ്രതിവിഷം കുത്തിവയ്ക്കുകയുള്ളു.
മൂർഖൻ
നാഡിവ്യൂഹത്തെയാണ് ബാധിക്കുന്നത്. തലച്ചോറിനെ ബാധിക്കും. ശ്വാസതടസം, കൺപോളകളിലെ വീക്കം, മുറിവിനോട് ചേർന്ന ഭാഗത്ത് വീക്കം. ഇതാണ് പ്രധാന ലക്ഷണങ്ങൾ. ചില ഘട്ടങ്ങളിൽ വെന്റിലേറ്റർ ആവശ്യമാകും.
അണലി
രക്ത പരിശോധനയിലൂടെയാണ് വിഷത്തിന്റെ തോത് മനസിലാക്കുക. ഡയാലിസിസ് വേണ്ടിവന്നേക്കാം.
ശംഖുവരയൻ
മുറിവ്, വീക്കം ഉൾപ്പടെ സാധാരണയായി കാണാറുള്ള ഒരു ലക്ഷണവും ഉണ്ടാകാറില്ല. മാരക വിഷമാണ്. ചില ഘട്ടങ്ങളിൽ മൂർഖന്റെ കടിക്ക് സമാനമാണ് ലക്ഷണങ്ങൾ.
ഡ്രൈ ബൈറ്ര്
എഴുപത് ശതമാനം സംഭവങ്ങളിലും വിഷം ഉള്ളിൽ ചെല്ലാറില്ല. ഇത്തരം കേസുകളിൽ കാത്തിരിക്കണം. വിഷം ഉള്ളിൽ ചെല്ലാത്ത ആൾക്ക് ആന്റിവനം നൽകുന്നത് അത്യന്തം അപകടകരമാണ്. വിട്ടുമാറാത്ത അലർജിക്കും ചിലപ്പോൾ ശ്വാസതടത്തിനും കാരണമായേക്കാം.