ഭീതി പരത്തി ബ്രെയിൻ ഈറ്റിംഗ് അമീബ; അമീബിക് മസ്തിഷ്‌ക ജ്വരം കുട്ടികളെ ബാധിക്കുന്നത് എന്തുകൊണ്ട്?

 

മൂന്നുമാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് മൂന്നുപേരാണ് കേരളത്തിൽ മരിച്ചത്. എങ്ങനെയാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം പകരുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

പകർവ്വവ്യാധിയാണോ?
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌കജ്വരം പകർച്ചവ്യാധിയല്ലെന്നുള്ള കാര്യമാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. മൂന്നുമാസത്തിനിടെ മൂന്നുപേർ രോഗം വന്ന് മരിച്ചെങ്കിലും ഇത് വ്യത്യസ്ത ജില്ലകളിൽ ഉള്ളവരാണ്. രോഗം വന്ന് മരിച്ചവരെല്ലാം രോഗബാധയ്ക്ക് മുമ്പായി പൊതുകുളങ്ങളിൽ കുളിച്ചിരുന്നു. ഇതാണ് രോഗകാരണമെന്നാണ് കരുതപ്പെടുന്നത്.

ബ്രെയിൻ ഈറ്റിംഗ് അമീബ ശരീരത്തിലെത്തുന്നത് എങ്ങനെ?
കുളങ്ങളിലും മറ്റും കാണപ്പെടുന്ന അമീബയാണ് ഈ അപൂർവ്വ രോഗത്തിന് കാരണം. ബ്രെയിൻ ഈറ്റിംഗ് അമീബ എന്നാണ് ഇതറിയപ്പെടുന്നത്. മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ ശരീരത്തിലെത്തുന്നത്. പിന്നീടത് നേരെ തലച്ചോറിലെത്തുന്നു. തലച്ചോറിലെ നാഡി കോശജാലങ്ങളെ ആഹാരമാക്കുന്ന അമീബ രോഗബാധയുണ്ടാക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല.

രോഗലക്ഷണങ്ങൾ
സാധാരണഗതിയിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ ഒമ്പത് ദിവസത്തിനിടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്തിന് മരവിപ്പ്, ചുഴലി, മാനസിക നില തകരാറിലാവൽ, ഉന്മാദാവസ്ഥ എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. വളരെ വേഗം രോഗം ഗുരുതരമാകാറുണ്ട്. 95 ശതമാനം മരണസാധ്യതയുള്ള ആ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങി 1-12 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം.

രോഗം വരാതിരിക്കാൻ
വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങാതിരിക്കുക. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. കുളങ്ങളിൽ കുളിക്കുമ്പോൾ സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണം

മൂക്കിലൂടെയാണ് അമീബ ശരീരത്തിലെത്തുന്നത് എന്നതിനാൽ മുങ്ങിക്കുളി ഒഴിവാക്കുക. മൂക്കിൽ വെള്ളം കയറാതെ കുളിക്കുക. വെള്ളത്തിലേക്ക് ചാടുമ്പോഴോ മുങ്ങാംകുഴി ഇടുമ്പോഴോ വളരെ ശക്തിയായി വെള്ളം മുക്കിലേക്ക് അടിച്ചുകയറുക വഴിയാണ് അമീബ തലച്ചോറിലെത്തുന്നത്. കുട്ടികളിലും യുവാക്കളിലും ഈ രോഗം കൂടുതലായി വരാനുള്ള കാരണമതാണ്. ഈ പ്രായത്തിലുള്ളവരാണ് കുളങ്ങളിലും മറ്റും ചാടിക്കുളിക്കുന്നത്.