വീട്ടിൽ പാമ്പുകളെ അകറ്റാൻ എളുപ്പവഴികളുണ്ടോ?; ഇവയൊന്ന് അറിഞ്ഞിരിക്കൂ

 

പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അകറ്റാൻ എന്താണ് വഴി?. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഓരോ പരിസരത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് പാമ്പുകൾ കാണപ്പെടുക. കാടും മലകളും ഉള്ള പ്രദേശങ്ങളിലെ പാമ്പുകൾ ആകില്ല നിരപ്പായ പ്രദേശത്തു കാണപ്പെടുക. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടിക്കടി പറമ്പ് വൃത്തിയാക്കി പുല്ലും മറ്റും വെട്ടി കളയിക്കേണ്ടത് അത്യാവശ്യം. കരിയില, തടികൾ, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങൾ പാമ്പുകൾക്ക് പ്രിയമുള്ള ഇടങ്ങളാണ്. ഇവയ്ക്കുള്ളിൽ പാമ്പുകൾ കയറി കിടന്നാലും പെട്ടെന്ന് അറിയാൻ സാധിക്കില്ല. വീടിന്റെ പരിസരത്തോ ജനലുകൾക്ക് അരികിലോ ഇവ കൂട്ടി ഇടരുത്. അടുക്കളതോട്ടം ഒരുക്കുമ്പോൾ പോലും ശ്രദ്ധ വേണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

വീട്ടുപരിസരത്തു വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. വെള്ളത്തിന്റെ സാന്നിധ്യം പാമ്പുകളെ ആകർഷിക്കും. വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾക്ക് ഇത് ഒളിയിടമാകും. അതുപോലെ പൂന്തോട്ടങ്ങൾ വീട്ടിലുണ്ടെങ്കിൽ അവിടെയും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. 

വീടിന്റെ പരിസരത്ത് പട്ടികൂടുകൾ, കോഴിക്കൂട് എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കോഴിക്കൂട്ടിൽ പാമ്പുകളുടെ സാന്നിധ്യം സാധാരണമാണ്. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് നൽകുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാൻ എലികൾ വരാൻ സാധ്യത ഏറെയാണ്. ഇവയെ പിടികൂടാൻ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാൽ ഇവിടങ്ങളും ഒരു ശ്രദ്ധ വേണം. വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകൾ വരാതെ സംരക്ഷിക്കും.  പാമ്പുകൾക്ക് അലോസരം ഉണ്ടാക്കുന്ന ചില മണങ്ങളുണ്ട്. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാം.

പാമ്പുകളെ അകറ്റാൻ എളുപ്പവഴികൾ

  • വീടിനു ചുറ്റും വെളുത്തുള്ളി ചതച്ച് ഇടാം. വെളുത്തുള്ളി ചതച്ചു വെള്ളത്തിൽ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം
  • സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.
  • നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിർത്താനുളള നല്ലൊരു വഴിയാണ്. 
  • ചെണ്ടുമല്ലി (Marigold) പോലുളള ചെടികൾ വീടിന്റെ അതിരുകളിൽ വച്ചുപിടിപ്പിക്കാം.ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.