സവാള അരിയുമ്പോള്‍ കണ്ണ് എരിയാതിരിക്കണോ?; ഇതാ ചില സൂത്രവിദ്യകള്‍

 

സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിരുന്നുകാർ വരുമ്പോൾ, ഇറച്ചി വെക്കണമെങ്കിലും ബിരിയാണി ഉണ്ടാക്കണമെങ്കിലും സവാള കൂടിയേ തീരൂ!.സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

എന്തുകൊണ്ടാണ് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്?


മൂന്ന് ലെയറിലായിട്ടാണ് സവാള പൊതുവിൽ കാണപ്പെടുന്നത്. നമ്മൾ അവസാനത്തെ ലെയർ മുറിക്കുമ്പോൾ, സവാളയിൽ നിന്നും എൻസൈം പുറംതള്ളുന്നു. ഇത് ഗ്യാസ് പുറത്തേക്ക് എത്തുമ്പോൾ ഗ്യാസ് രൂപത്തിലാവുന്നു.

ഈ ഗ്യാസ് നമ്മളുടെ കണ്ണുനീർ ഗ്രന്ഥികളിൽ തട്ടി അതിൽ എരിച്ചിൽ ഉണ്ടാക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ വെള്ളം വരാതിരിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാം എന്ന് നോക്കാം.

​ഫാൻ ഇടാം


അടുക്കളയുടെ ഒരു ഭാഗത്തിരുന്ന് സവാള നന്നാക്കാൻ ഇരിക്കുന്നതിന് പകരം, ഫാൻ ഇട്ട് അതിന്റെ ചുവട്ടിൽ ഇരിക്കുന്നത് കുറച്ചും കൂടെ നല്ലതാണ്. ഫാനിന്റഎ കാറ്റ് നന്നായി കിട്ടുന്ന സ്ഥലത്ത് വേണം ഇരിക്കാൻ.

ഫാൻ ഇടുമ്പോൾ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന ഗ്യാസ് നമ്മളുടെ കണ്ണിലേയ്ക്ക് വരുന്നതിന് പകരം പുറത്തേക്ക് പോകുന്നു. അതിനാൽ, ഫാൻ ഇട്ട് സവാള അരിയാൻ ഇരിക്കുന്നത് നല്ലതാണ്.

വായിൽ കൂടി ശ്വസിക്കാം


നമ്മൾ സാധാരണ മൂക്കിൽ കൂടിയാണ് ശ്വസിക്കുന്നത്. എന്നാൽ, സവാള അരിയാൻ ഇരിക്കുന്ന സമയത്ത് വായയിൽ കൂടി ശ്വാസം എടുക്കുന്നത് നല്ലതായിരിക്കും.

നമ്മൾ വായിൽ കൂടി ശ്വാസം എടുക്കുമ്പോൾ സവാളയിൽ നിന്നും പുറത്ത് വരുന്ന ഗ്യാസ് കണ്ണുനീർ ഗ്രന്ഥികളിൽ എത്താതിരിക്കുകയും, ഇത് കണ്ണെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അതുപോലെ, നാവ് മുന്നിലോട്ട് ആക്കുന്നതും നല്ലതു തന്നെ. ഇത് സവാളയിലെ ഗ്യാസ് നാവിൽ അകുന്നതിനും മൂക്കിൽ എത്താതിരിക്കുന്നതിനും വളരെയധികം സഹായിക്കും.

സവാള തണുപ്പിക്കാം


സവാള തൊലി കളഞ്ഞ് തണുപ്പിക്കാൻ വെക്കുന്നത് നല്ലതാണ്. ഒരു 20 മിനിറ്റ് തണുപ്പിക്കാൻ വെക്കുന്നത് നല്ലതു തന്നെ. ഇത് സവാളയിലെ എൻസൈം ആക്ടീവാകാതിരിക്കാൻ സഹായിക്കുന്നു.

എൻസൈം ആക്ടീവാകാതിരിക്കുമ്പോൾ തന്നെ കണ്ണിൽ എരിച്ചിൽ ഇല്ലാതിരിക്കുന്നു. അതിനാൽ സവാള അരിയാൻ എടുക്കുന്നതിന് 20 മിനിറ്റ് മുൻപ് ഇതിനെ തണുപ്പിക്കാൻ വെക്കാവുന്നതാണ്.

വെള്ളത്തിൽ ഇടാം


സവാള തൊലികളഞ്ഞതിന് ശേഷം രണ്ടായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുന്നത് നല്ലതാണ്. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു.

ഇങ്ങനെ ചെയ്യുമ്പോൾ സവാളയിൽ നിന്നുള്ള ഗ്യാസ് വെള്ളത്തിൽ ചേരുന്നു. അതിനാൽ തന്നെ, കണ്ണിൽ എരിച്ചിലും, കണ്ണിൽ നിന്നും വെള്ളവും വരുന്നില്ല.
സവാള വെള്ളത്തിൽ ഇട്ട് വെക്കുമ്പോൾ അതിന് ഒരു വഴുവഴുപ്പ് ഉണ്ടാകാം. അതിനാൽ, അരിയുമ്പോൾ ശ്രദ്ധിച്ച് വേണം അരിയാൻ.

വിനാഗിരി ഉപയോഗിക്കാം


സവാളയിലെ അസിഡിറ്റി കുറയ്ക്കാൻ മറ്റൊരു ആസിഡ് ഉപയോഗിക്കാവുന്നതാണ്. ഇതിന് ഏറ്റവും നല്ലത് ആപ്പിൾ സൈഡർ വിനഗർ തന്നെ.

ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സൈഡർ വിനഗർ ചേർക്കുക. ഒപ്പം ഉപ്പും ചേർക്കാം. ഇവ നന്നായി മിക്സ് ചെയ്ത് വെക്കണം.
ഇതിലേയ്ക്ക് രണ്ടാക്കി മുറിച്ചെടുത്ത സവാള ഇട്ട് വെക്കണം. കുറഞ്ഞത് 10 മിനിറ്റ് ഇട്ട് വെക്കുക.

അതുപോലെ, കട്ടിംഗ് ബോർഡിൽ ഈ വിനാഗിരി പുരട്ടുന്നതും നല്ലതുതന്നെ. കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ഇവ സഹായിക്കും.