താടിയുള്ള പുരുഷന്മാരെ ഒന്ന് ശ്രദ്ധിക്കൂ; ഇവർ മികച്ച ഭർത്താക്കന്മാരെന്നാണ് പഠനം പറയുന്നത്!

 

കാഴ്ചയിൽ നിന്നും ഒരു പുരുഷന് ബന്ധത്തിലുള്ള ആത്മാർത്ഥത കണ്ടെത്താൻ കഴിയുമോ. കഴിയുമെന്നാണ് പുതിയൊരു പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. Archives of Sexual Behavior-ൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം താടിയും മീശയും ഉള്ള പുരുഷന്മാർ മികച്ച ഭർത്താക്കന്മാർ ആയിരിക്കുമെന്ന് പറയുന്നു. കാരണം ക്ലീൻഷേവ് ചെയ്തവരെ അപേക്ഷിച്ച് അവർ കുടുംബത്തെ സംരക്ഷിക്കാനും ദീർഘകാല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും താൽപ്പര്യപ്പെടുന്നവർ ആയിരിക്കും.

സ്ഥിരതയുള്ള പങ്കാളികൾ
പോളണ്ടിലെ സിലേഷ്യ സർവ്വകലാശാലയും ഇറ്റലിയിലെ പടോവ സർവ്വകലാശാലയും സംയുക്തമായാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. Motivations to Enhance One's Facial Hair: Affiliation, Rivalry, and Stress, എന്ന് പേരിലാണ് ഇവർ പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ ഭാഗമായി പതിനെട്ടിനും നാൽപ്പതിനും മധ്യേയുള്ള 414 പുരുഷന്മാരിൽ ഗവേഷകർ സർവ്വേ സംഘടിപ്പിച്ചു. താടിയുള്ളവരും അല്ലാത്തവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരുടെ സാമൂഹികമായ ചിന്തകളും പ്രചോദനങ്ങളും മറ്റുമാണ് ഗവേഷകർ ചോദിച്ചറിഞ്ഞത്.

താടിയുള്ളവർക്ക് പുതിയ സ്നേഹബന്ധങ്ങൾ ആരംഭിക്കുന്നതിൽ താൽപ്പര്യം കുറവാണെന്നും നിലവിലെ ബന്ധങ്ങൾ നിലനിർത്തുന്നതിലും ദീർഘകാല പങ്കാളിയിലുമാണ് ഇവർക്ക് താൽപ്പര്യമെന്നും പഠനം സൂചിപ്പിക്കുന്നു. പങ്കാളിക്കൊപ്പം മാത്രമല്ല മാതാപിതാക്കളുമായും സഹോദരങ്ങളുമായും മക്കളുമായുമെല്ലാം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ.

ചുരുക്കിപ്പറഞ്ഞാൽ, താടി കാത്തുസൂക്ഷിക്കുക എന്നത് സമയവും പരിശ്രമവും ആവശ്യമുള്ള ജോലിയാണ്. അതുപോലെ തന്നെ ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനും കാത്തുസൂക്ഷിക്കാൻ താടിയുള്ള ആളുകൾ സമയവും ഊർജ്ജവും ചിലവഴിക്കുന്നുവെന്ന സൂചനയാണ് പഠനത്തിലുള്ളത്.

സ്ത്രീകളെ ആകർഷിക്കുന്നതും താടിയുള്ളവർ
2016ൽ Evolutionary Biology-ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത് താടിയുള്ള പുരുഷന്മാരിലാണ് സ്ത്രീകൾ കൂടുതൽ ആകൃഷ്ടരാകുന്നത് എന്നാണ്. 8,500 ലധികം സ്ത്രീകളാണ് ഈ സർവ്വേയിൽ പങ്കെടുത്തത്. ഇതിൽ ഭൂരിഭാഗം സ്ത്രീകളും പറഞ്ഞത് താടിയുള്ള പുരുഷന്മാരുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നാണ്. The Masculinity Paradox എന്ന പേരിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ രണ്ട് പഠന റിപ്പോർട്ടുകളും താടിയുള്ള പുരുഷന്മാരെ ആണ് മികച്ച ഭർത്താക്കന്മാർ എന്ന നിലയിൽ അംഗീകരിക്കുന്നത്.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)