'ബിയർ ബാത്തിംഗ്'; ഗുണങ്ങൾ ഏറെ: അറിയാം

 

ബിയർ ബാത്തിംഗ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?​ അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായ ഒന്നാണ് ബിയർ ബാത്തിംഗ് അഥവാ ബിയർ ഉപയോഗിച്ചുള്ള കുളി. പല വിദേശ രാജ്യങ്ങളിലെയും പുതിയ വെൽനസ് ട്രെൻഡ് ബിയർ സ്‌പാ ശ്രദ്ധനേടുന്നുണ്ട്.

അടുത്തിടെ ദി നോർഫോക്ക് മീഡ് ബോട്ടിക് ഹോട്ടൽ യുകെയിലെ ആദ്യത്തെ ബിയർ സ്‌പാ തുറന്നത് വളരെ ചർച്ചയായിരുന്നു. ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ ബിയറിലെ കുളി സഹായിക്കുമെന്നാണ് കരുതുന്നത്. ബിയർ കുളി മാത്രമല്ല കുറച്ച് നേരം ബിയർ നിറച്ച പാത്രത്തിൽ നമ്മൾ ഇറങ്ങിയിരിക്കുകയും ചെയ്യുന്നതാണ് ബിയർ ബാത്തിംഗിന്റെ പുതിയ ട്രെൻഡ്.

ഇപ്പോൾ മാത്രമല്ല നൂറ്റാണ്ടുകൾക്ക് മുൻപും ഇത് ചെയ്തിരുന്നതായി ചില വിദഗ്ദ്ധർ അവകാശപ്പെടുന്നു. കിഴക്കൻ യൂറോപ്പിൽ 921 എഡി മുതൽ ബിയർ ബാത്തിംഗ് നടന്നിരുന്നതായി റിപ്പോർട്ടുണ്ട്. ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ഡ്യൂക്ക് ഓഫ് ബൊഹേമിയയിൽ ഒരു കാലത്ത് ബിയർ ബാത്തിംഗ് ആസ്വദിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഈ സമ്പ്രദായം പ്രാഗിൽ ജനപ്രിയമായി തുടരുകയും യുകെയിലെയും യുഎസിലെയും വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.

ഗുണങ്ങൾ

ബിയറിൽ കുളിക്കുന്നതിലൂടെ ചർമ്മത്തിനും ആരോഗ്യത്തിനും നിരവധി ഗുണമുണ്ടെന്ന് ചില‌ർ അവകാശപ്പെടുന്നു. തുടർന്ന് ചില വിദഗ്ദ്ധരും ഇതിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ബിയറിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിന് വളരെ നല്ലതാണെന്നും ബിയർ ബാത്തിംഗ് ചർമ്മത്തിന് ഗുണമാണെന്നും ഡെർമറ്റോളജിസ്റ്റായ ഡോക്ടർ ഹന്ന കോപ്പൽമാൻ വുമൺസ് വേൾഡ് മാഗസിനോട് പറഞ്ഞിരുന്നു.

ബിയറിൽ അടങ്ങിയിരിക്കുന്ന സാന്തോഹുമുൾ, ഹുമുലോൺ എന്നിവ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. കൂടാതെ ബിയറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിലെ മറ്റൊരു പ്രധാന ഘടകമായ യീസ്റ്റ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ബിയറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മക്കാർക്ക് ഇത് വളരെ നല്ലതാണെന്നും ഹന്ന വ്യക്തമാക്കുന്നു.

ബിയറിലെ ആസിഡുകൾ ചർമ്മത്തിലെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതായും ചിലർ അഭിപ്രായപ്പെടുന്നു. കുറച്ച് നേരം ബിയറിൽ മുങ്ങുന്നത് സമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശി വേദന ശമിപ്പിക്കുകയും ചെയ്യുന്നതായി പറയുന്നു.

ദോഷം

ബിയർ ബത്തിംഗ് എന്നത് നിരവധി ഗുണങ്ങൾ നൽകുമെങ്കിലും ചില ദോഷങ്ങളും ഇതിന് ഉണ്ടെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു. സെൻസിറ്റീവ് ചർമ്മമോ അല്ലെങ്കിൽ ബിയർ അലർജിയുള്ളവരോ ഇതിൽ കുളിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. യീസ്റ്റ് അലർജിയുള്ളവരും ബിയർ ബാത്ത് ചെയ്യുന്നത് നല്ലതല്ല. ബിയറിലെ ആൽക്കഹോൾ അംശം ചർമ്മത്തെ വരൾച്ചയിലേക്ക് നയിക്കുന്നു.

ബിയർ ബാത്തിംഗിന്റെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും ഡോക്ടർ ഹന്ന പറയുന്നു. ഓട്ട്മീൽ ഭത്ത്, ഉപ്പ് ബത്ത് പോലെയുള്ളവർ ചർമ്മപ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണെന്നും അത് തെളിയിക്കപ്പെട്ടതാണെന്നും അവർ അഭിപ്രായപ്പെടുന്നു.

എന്നിരുന്നാലും ചർമ്മ സംരക്ഷണത്തിന് പുതുമയുള്ള എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിയർ ബാത്ത് നല്ല ഒരു അനുഭവമായിരിക്കും. പുതിയ ബിയർ ബാത്തിംഗ് ട്രെൻഡ് രസകരവും വിനോദവുമായി ജനങ്ങൾ കാണുന്നു. അതിനാൽ കൂടുതൽ ഹോട്ടലുകളിൽ ബിയർ സ്പാകൾ വരുമെന്നാണ് കരുതുന്നത്. ഇത്തരം കുളി ആഴ്ചയിൽ ഒരു തവണ മാത്രമേ ചെയ്യാവുവെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.