ഉച്ചഭക്ഷണ ശേഷം തൈര് കഴിക്കാം; ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

 

ഉച്ചഭക്ഷണ ശേഷം തൈര് കഴിക്കുന്നത് ഏറെ ഗുണകരമാണ്. ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് മിക്കവരും. ഉദരാരോഗ്യത്തിനു സഹായിക്കുന്ന നല്ല ബാക്ടീരിയകളെ നല്‍കുന്നതിലൂടെ ദഹനം സുഗമമാക്കും. ഭക്ഷണശേഷം തൈര് കഴിക്കുന്നത് അസിഡിറ്റി കുറയ്‌ക്കുകയും ശരീരത്തിനു കുളിര്‍മ നല്‍കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നത് നല്ലതാണ്.

ഭക്ഷണത്തിനു ശേഷം മാത്രമല്ല, ഇടഭക്ഷണമായും തൈര് കഴിക്കാം. രാത്രിയില്‍ തൈര് കഴിക്കുന്നത് ചിലരില്‍ വായുക്ഷോഭവും ദഹനക്കേടും ഉണ്ടാക്കാം. ഇങ്ങനെയുള്ളവര്‍ രാത്രി തൈര് കഴിക്കാതെ ശ്രദ്ധിക്കണം. ഭക്ഷണശേഷം തൈര് കഴിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ എന്തൊക്കയെന്ന് നോക്കാം.

തൈരിന്റെ ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പ്രതിരോധശേഷി കൂട്ടുമെന്നതാണ്. രോഗകാരണമാകുന്ന സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ തൈരിന് സാധിക്കും. വജൈനല്‍ അണുബാധ തടയാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ തൈര് കഴിക്കുന്നത് ഈസ്റ്റ് ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ സഹായകമാണ്. തൈരിലുള്ള ലാക്ടോബാസിലസ് ബാക്ടീരിയ വജൈനയിലെ ഈസ്റ്റ് നിയന്ത്രിച്ചു നിര്‍ത്തുന്നു.

തൈരിലുള്ള മഗ്‌നീഷ്യം രക്തസമ്മര്‍ദം കുറയ്‌ക്കാന്‍ സഹായകമാണ്. പ്രോബയോട്ടിക് ഉള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാന്‍ തൈര് കഴിക്കുന്നതിലൂടെ സാധിക്കും. ഭക്ഷണശേഷം വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും തൈര് ഉത്തമമാണ്.