മിക്‌സിയുടെ ശബ്ദം സഹിക്കാൻ വയ്യേ?; മിനിട്ടുകൾക്കുള്ളിൽ ഒച്ച കുറയ്ക്കാം: ഇതാ ചില വഴികൾ

 

മിക്സിയുടെ ശബ്ദം പലർക്കും ഇഷ്ടമല്ല. രാവിലെയും രാത്രിയുമെല്ലാം മിക്സി പ്രവത്തിക്കുമ്പോൾ ശബ്ദം വളരെ അരോചകമായി തോന്നുന്നു. എന്നാൽ ഇനി അത് ഓർത്ത് വിഷമിക്കേണ്ട. മിക്സിയുടെ വലിയ ശബ്ദം കുറയ്ക്കാൻ കുറച്ച് സൂത്രപ്പണികൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഇടയ്ക്ക് മിക്സിയുടെ ശബ്ദം കൂടുതലായി കേൾക്കാൻ കാരണം നിങ്ങളുടെ അശ്രദ്ധതന്നെയായിരിക്കും. ചുവരിനരികിൽ മിക്സി വച്ച് പ്രവർത്തിപ്പിച്ചാൽ പ്രതിധ്വനിച്ച് കൂടുതൽ ഉച്ചത്തിൽ അതിന്റെ ശബ്ദം കേൾക്കും. അതിനാൽ എപ്പോഴും മിക്സി ഉപയോഗിക്കുമ്പോൾ അടുക്കളയുടെ മദ്ധ്യഭാഗത്തായി വയ്ക്കുക. ഒരു കട്ടിയുള്ള ടവലോ മാറ്റോ വിരിച്ചശേഷം അതിന് മുകളിൽ മിക്സി വയ്ക്കുന്നതായിരിക്കും നല്ലത്.

കൂടാതെ കാലപ്പഴക്കം ചെന്ന മിക്സിയിൽ നിന്നും ഇത്തരത്തിൽ വലിയ ശബ്ദം കേൾക്കാൻ സാദ്ധ്യതയുണ്ട്. അവ ശരിയായ സമയത്ത് സർവീസിന് നൽകാൻ മറക്കരുത്. കാലക്രമേണ മിക്സിയിലും ജാറിലും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും അടഞ്ഞുകൂടാം. ഇതും വലിയ ശബ്ദത്തിന് കാരണമാണ്.

അതിനാൽ മിക്സിയും ജാറും എപ്പോഴും നല്ലപോലെ വൃത്തിയാക്കി സൂക്ഷിക്കണം. മിക്സിയുടെ ജാർ വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കാവുന്നതാണ്. സ്ട്രിക് ആസിഡ് അടങ്ങിയിരിക്കുന്ന നാരങ്ങ പോലുള്ള പഴങ്ങൾ നല്ല ഒരു ക്ലീനർ കൂടിയാണ്. നാരങ്ങയുടെ തൊലി ഉപയോഗിച്ച് ജാർ വൃത്തിയായി തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താൽ മതി.