സ്ഥിരമായി ബിയർ കുടിക്കുന്നവരാണോ?; ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ

 

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം, പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും കാരണമാകും. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിന്റെ കാലറി അളവ് വളരെ കൂടുതലാണ്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.