ബോഡി സ്ക്രബ് വാങ്ങാൻ ഇനി പൈസ മുടക്കേണ്ട; വീട്ടിൽ തന്നെ തയാറാക്കാം
പലപ്പോഴും നമ്മൾ വലിയ പൈസ കൊടുത്ത് ശരീരത്തിലെ അഴുക്കുകൾ കളയാൻ ബോഡി സ്ക്രബ്ബറുകൾ വാങ്ങിക്കാറുണ്ട്. വലിയ വിലയാണെങ്കിലും ഇതൊക്കെ നമ്മുടെ ചർമത്തിന് എത്രത്തോളം നല്ലതാണെന്ന് പറയാൻ പറ്റില്ല. ഇതിലൊക്കെ ഉള്ള കെമിക്കലുകൾ നമ്മുടെ ചർമത്തെ നശിപ്പിച്ചേക്കാം. അതിനായി നമുക്കു വീട്ടിൽ തന്നെ ഒരു ചെലവും ഇല്ലാതെ സ്ക്രബ്ബറുകൾ ഉണ്ടാകാം.
ഹിമാലയൻ ഉപ്പ്
ചർമത്തിലെ പരുക്കനും നിർജ്ജീവ കോശങ്ങളെയും നീക്കം ചെയ്യുന്നതിലൂടെ, ബോഡി സ്‌ക്രബുകൾ നിങ്ങളുടെ ചർമത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ഹിമാലയൻ ഉപ്പിൽ പ്രകൃതിദത്തമായ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരു മികച്ച സ്‌ക്രബറാണ്. സ്‌ക്രബ്ബിങ് വഴി ഉപ്പ് അലിഞ്ഞുപോകുന്നു എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ അമിത എക്സ്ഫോളിയെറ്റ് നടക്കുമെന്ന പേടി വേണ്ട. ഇതിനൊപ്പം ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ, വാൽനട്ട് ഓയിൽ, ബദാം ഓയിൽ പോലുള്ള പ്രകൃതിദത്ത എണ്ണയുമായി ഉപ്പ് സംയോജിപ്പിക്കുന്നത് സ്‌ക്രബിനെ മോയ്സ്ചറൈസിങ് ആക്കുന്നു.
വെളിച്ചെണ്ണയും പഞ്ചസാരയും ഓട്സും
ഓട്‌സ് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്, ഇത് ചർമത്തെ മൃദുവാക്കുകയും ചർമത്തിന്റെ ഉപരിതലത്തിലേക്ക് ഈർപ്പം കൊണ്ടുവരികയും ചെയ്യുന്നു. വെളിച്ചെണ്ണ ഒരു ആന്റി-ഇൻഫ്ലമേറ്ററി ആണ്. ഇത് നിങ്ങളുടെ മുഖത്ത് ഉപയോഗിച്ചാൽ സുഷിരങ്ങൾ അടയും. പഞ്ചസാര പണ്ട് മുതലേ സ്ക്രബ്ബറായി ഉപയോഗിക്കുന്ന ചേരുവയാണ്. ഇത് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ 2 മുതൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കുക, ശേഷം 1/2 കപ്പ് പഞ്ചസാരയുമായി സംയോജിപ്പിക്കുക. ഇതിലേക്ക് കാൽ കപ്പ് ഓട്സ് ഇടുക. നന്നായി മിക്സ് ചെയ്ത് ഈ മിശ്രിതം ശരീരത്തിൽ തേക്കാവുന്നതാണ്.
ഓട്സും തേനും തൈരും
ഓട്‌സ്, തേൻ, തൈര് എന്നിവ ചർമത്തിന് ഏറ്റവും മികച്ച ചേരുവകളാണ്. തൈര് ലാക്റ്റിക് ആസിഡിന്റെ സ്വാഭാവിക ഉറവിടമാണ്. തേൻ ആണെങ്കിൽ ചർമത്തിൽ മാജിക്കുകൾ തീർക്കുന്ന സാധനമാണ്. ഓട്സ് ആണെങ്കിൽ സ്ക്രബ് ചെയ്യാൻ മികച്ചതും. സ്‌ക്രബ് ഉണ്ടാക്കാനായി 2 ടേബിൾസ്പൂൺ ഓട്‌സും 2 ടേബിൾസ്പൂൺ തേനും യോജിപ്പിക്കുക. ഇതിലേക്ക് 4 ടേബിൾസ്പൂൺ തൈരും ചേർക്കുക. ശേഷം നന്നായി ശരീരത്തിൽ തേച്ചു പിടിപ്പിക്കുക. 3 മിനുട്ടെങ്കിലും മസാജ് ചെയ്താൽ നല്ല ഫലം കിട്ടും. അധികം ശക്തിയിലും മസാജ് ചെയ്യാൻ പാടില്ല.