കുട്ടികൾ മധുരം കഴിക്കുന്നത് കൂടുലാണോ?; ഈ മാർഗങ്ങളിലൂടെ നിയന്ത്രിക്കാം
ചോക്ലേറ്റ്, മിഠായികൾ തുടങ്ങി മധുരമുള്ളതെന്തും കഴിക്കാൻ കുട്ടികൾക്കിഷ്ടമാണ്. എന്നാൽ ഇങ്ങനെ മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല പിന്നീട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഈ മധുരപ്രിയം കാരണമാകും.
വലുതാകുമ്പോൾ പ്രമേഹം, രക്താതിമർദം (Hypertension) മാനസികാരോഗ്യപ്രശ്നങ്ങൾ, എല്ലുകൾക്കും പേശികൾക്കും പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം മധുരം കഴിക്കുന്നതിലൂടെ ഉണ്ടാകാം. കുട്ടികൾ മധുരപലഹാരങ്ങൾ ഒന്നും കഴിക്കരുത് എന്നല്ല. റിഫൈൻഡ് ഷുഗറിനും സംസ്കരിച്ച ഭക്ഷണങ്ങൾക്കും ജങ്ക്ഫുഡിനും പകരം രുചികരവും ആരോഗ്യത്തിന് ദോഷം വരുത്താത്തതുമായ ഭക്ഷണങ്ങൾ വേണം കഴിക്കാൻ.
മധുരം ഏറെയിഷ്ടപ്പെടുന്ന കുട്ടിയുടെ രക്ഷിതാവാണ് നിങ്ങൾ എങ്കിൽ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുക വഴി ഈ ശീലം കുറയ്ക്കാൻ സാധിക്കും. അവ എന്തൊക്കെ എന്നു നോക്കാം.
- രക്ഷിതാക്കൾ മധുരത്തിന്റെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും കുട്ടിയുടെ മുന്നിൽ.
- പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
- സോഡ, ജ്യൂസ്, സ്പോർട്സ് പാനീയങ്ങൾ, മധുരമുള്ള ചായ, കാപ്പി ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താം.
- പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ മേപ്പിൾ സിറപ്പോ തേനോ പോലുള്ള പ്രകൃതിദത്ത മധുരങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
- മധുരത്തിനു പകരം ഫ്രഷ് ആയ പഴങ്ങളും ഉണക്കപ്പഴങ്ങളും ലഘു ഭക്ഷണമായും ഡെസർട്ട് ആയും കുഞ്ഞുങ്ങൾക്ക് നൽകാം.
- പ്രഭാതഭക്ഷണം ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കാം. മധുരം കുറഞ്ഞ സിറിയലുകള്‍, ഓട്മീൽ, മുട്ട ഇവയും മധുരത്തിനു പകരം നൽകാം.
- ഭക്ഷണം പെട്ടെന്ന് മാറ്റം വരുത്താതെ ക്രമേണ മധുരം കുറച്ചു നൽകി ശീലമാക്കുക
- കുട്ടികളെ പാചകം ചെയ്യുന്നതിൽ കൂടെ കൂട്ടുക. ആരോഗ്യകരമായ പാചകശീലങ്ങള്‍ കുട്ടികൾ പഠിക്കേണ്ടതാവശ്യമാണ്. ഭക്ഷണം തയാറാക്കുമ്പോൾ കുട്ടിയെ കൂടി കൂട്ടുക.
ഇതു കൂടാതെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.
- മധുരം കഴിക്കുന്നത് ഇടയ്ക്ക് മാത്രം ആക്കാൻ ‘ട്രീറ്റ് ഡേ’ വയ്ക്കാം.
- സമ്മാനമായോ ശിക്ഷയായോ മധുരം നൽകുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം.
- പഞ്ചസാരയുടെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം.
- പഞ്ചസാരയ്ക്കു പകരം ശർക്കരയും തേനും ഉപയോഗിക്കുന്നത് ശീലമാക്കാം.
- കുട്ടികൾക്ക് കൃത്രിമ പഴച്ചാറുകൾക്കു പകരം വെള്ളമോ മധുരം ചേർക്കാത്ത പാലോ നൽകാം.