അരി കുഴഞ്ഞ് പോവാതെ ഇനി ബിരിയാണി തയാറാക്കാം; ഇങ്ങനെ ചെയ്താൽ മതി

 

ബിരിയാണി തയാറാക്കുമ്പോൾ അബദ്ധങ്ങൾ ധാരാളം സംഭവിക്കാറുണ്ട്. എല്ലാവർക്കും ബിരിയാണി ഇഷ്ടമാണെങ്കിലും ഇത് തയാറാക്കുമ്പോൾ പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. തയാറാക്കുന്ന അളവ്, ചേർക്കുന്ന ചേരുവകൾ, ചേർക്കേണ്ട വെള്ളത്തിന്റെ അളവ് എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ പറ്റിയാൽ അത് വിഭവത്തെ തകിടം മറിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

എന്നാൽ ഈ പ്രശ്‌നങ്ങളെയൊക്കെ പരിഹരിച്ച് നല്ല അടിപൊളിയായി ബിരിയാണി ഉണ്ടാക്കാൻ ഇതാ ചില പൊടിക്കൈകൾ. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നല്ല കിടിലൻ ബിരിയാണി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന്റെ ചോറ് തയാറാക്കുന്നതാണ് അൽപം പണി. കാരണം വേവ് കൂടിയാലോ വെള്ളം കൂടിയാലോ ഇത് പലപ്പോഴും കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ആയിപ്പോവുന്നു. എന്നാൽ ഇതെല്ലാം ശ്രദ്ധിച്ച് നല്ല ആവി പറക്കുന്ന ബിരിയാണി വീട്ടിൽ തയാറാക്കാം.

ചോറ് കട്ടകെട്ടാതിരിക്കാൻ
ബിരിയാണിക്ക് അരി വേവിക്കുമ്പോൾ അത് കുഴഞ്ഞ് പോവുന്നു എന്നുള്ളത് എല്ലാവരുടേയും പരാതിയാണ്. എന്നാൽ ഇനി അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ പൊടിക്കൈ നമുക്ക് പരീക്ഷിക്കാവുന്നതാണ്. അതിനായി ചോറ് വേവിക്കുമ്പോൾ അൽപം നാരങ്ങ നീര് ചേർക്കുക. ഇത് ചെയ്താൽ ബിരിയാണി ചോറ് കട്ടകെട്ടാതെ ലഭിക്കുന്നു. മാത്രമല്ല ഇത് ചോറിന് സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അരിയിടും മുൻപ്
ചോറ് കട്ടകെട്ടാതെ കൂടുതൽ വേവ് ആവാതെ ലഭിക്കുന്നതിന് നമുക്ക് അൽപം മറ്റ് ചില പൊടിക്കൈകളും ഉപയോഗിക്കാവുന്നതാണ്. അരിയിടും മുൻപ് തന്നെയാണ് ഇതെല്ലാം പ്രയോഗിക്കേണ്ടത്. വെള്ളം തിളച്ച് അരിയിടുന്നതിന് മുൻപ് അൽപം ഉപ്പും എണ്ണയും ഇതിൽ ചേർക്കാം. എന്നിട്ട് അരിയിട്ട് തിളപ്പിക്കുക. ഇതും കട്ട കെട്ടാതെ അരി വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല നിറവും ചോറിന് ലഭിക്കുന്നതിന് സഹായിക്കുന്നു.

നെയ്യ് ചേർക്കുമ്പോൾ
ബിരിയാണിയിൽ നെയ്യ് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാൽ ചേർക്കുന്നതിന്റെ അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്ത അളവിൽ വേണം ചെർക്കേണ്ടത് എന്നും ശ്രദ്ധിക്കണം. പക്ഷേ നെയ്യ് ചേർക്കുമ്പോൾ എത്ര നെയ്യ് ചേർക്കുന്നുവോ അത്രത്തോളം തന്നെ അതിന്റെ സ്വാദ് വർദ്ധിക്കുന്നു. നെയ്യ് കൂടുതൽ ചേർത്താൽ ചോറിന് നല്ല മണവും സ്വാദും വർദ്ധിക്കുന്നു. ഇതെല്ലാം ബിരിയാണി ഉണ്ടാക്കുന്നതിനുള്ള ഓരോ ടെക്നിക്കുകളാണ്.

അരി ഉപയോഗിക്കുമ്പോൾ
സാധാരണയായി നമ്മൾ ബസുമതി റൈസ് ആണ് ബിരിയാണി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്നതിന് മുൻപ് അൽപനേരം അരി വെള്ളത്തിൽ കുതിർത്ത് നോക്കൂ. ഇത് അരി പെട്ടെന്ന് വേവുന്നതിനും ബിരിയാണിക്ക് സ്വാദ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അരമണിക്കൂറെങ്കിലും അരി വെള്ളത്തിൽ കുതിർത്ത് വെച്ച് നോക്കൂ. ഇതിന്റെ മാറ്റം ബിരിയാണി കഴിക്കുമ്പോൾ മനസ്സിലാവും.

വെള്ളത്തിന്റെ കണക്ക്
അരിക്ക് എത്ര വെള്ളം എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത് കൂടുതൽ വേവ് ആവുന്നതിനും വെന്ത് ഉടഞ്ഞ് പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കിലാണ് തയ്യാറാക്കേണ്ടത്. അരി വേവിക്കുമ്പോൾ മുഴുവനായും വെള്ളം വറ്റുന്നതിനായി ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് വെള്ളം പിടിച്ചതു പോലെയാവാൻ കാരണമാകുന്നു. മുഴുവൻ വെള്ളവും വറ്റിയ ശേഷം ഉപയോഗിച്ചാൽ അത് സ്വാദ് വർദ്ധിപ്പിക്കുന്നു.

ഉപ്പിടുമ്പോൾ 
ഉപ്പ് കൂടിപ്പോയാലും അത് ബിരിയാണിയുടെ സ്വാദ് പാടേ മാറ്റുന്നു. അതുകൊണ്ട ഉപ്പിടുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്ന് പിടിച്ച് ഇടുന്നതായിരിക്കും നല്ലത്. ഉപ്പ് കുറഞ്ഞാൽ നമുക്ക് വീണ്ടും ഇടാം എന്നാൽ ബിരിയാണിയിൽ ഉപ്പ് കൂടിയാൽ അത് നല്ലതല്ല. വെള്ളത്തിലെ ഉപ്പിന്റെ കണക്കനുസരിച്ചാണ് പലരും ബിരിയാണിക്കുള്ള ഉപ്പിടുന്നത്. എന്നാൽ വെള്ളത്തിന്റെ കണക്കല്ല ചോറ് വെന്തു വരുമ്പോൾ അതിൽ പിടിക്കേണ്ട ഉപ്പിന്റെ കണക്ക് കൂടി നോക്കി വേണം പലപ്പോഴും ഉപ്പിടാൻ. അല്ലെങ്കിൽ വെന്ത് വരുമ്പോൾ ചോറിൽ ഉപ്പില്ലാത്ത അവസ്ഥയായി മാറുന്നു.