ഐസ് കഴിക്കാന്‍ അത്രയ്ക്ക് ഇഷ്ടമാണോ?; എന്തായിരിക്കും അതിന് കാരണം: ഐസ് കഴിച്ചാല്‍ സംഭവിക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നോക്കാം

 

ഐസ് വാട്ടറിനേക്കാള്‍ ചിലര്‍ക്ക് ഐസ് നേരിട്ട് വായിലിട്ട് കഴിക്കാന്‍ വളരെ ഇഷ്ടമാണ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തായിരിക്കും അതിന് കാരണം എന്ന്? നമ്മള്‍ ചിന്തിക്കാത്ത ചില കാരണങ്ങള്‍ ഉണ്ട് ഈ ഐസ് കൊതിക്ക് പിന്നില്‍.

എല്ലാവര്‍ക്കും അറിയാം ഐസ് ഒരു പോഷകമൂല്യമില്ലത്ത സാധനം ആണെന്ന്. എന്നാല്‍ ഇത്തരത്തില്‍ പോഷകമൂല്യമില്ലത്ത സാധനങ്ങള്‍ കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ‘പഗോഫിയ’ (Pagophagia). പിക്ക എന്നും ഇത് അറിയപ്പെടുന്നു. ഇത് ശരീരത്തിലെ ഇരുമ്പിന്റെ കുറവോ അല്ലെങ്കില്‍ വിളര്‍ച്ചയോ സൂചിപ്പിക്കുന്നതാണ്.

ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ ശരീരത്തില്‍ ആവശ്യത്തിന് ഉത്പാദിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്ക് ഐസ് കഴിക്കുന്നത് ഒരു തൃപ്തി ഉണ്ടാക്കുന്നു. കൂടാതെ ഓര്‍മ്മ, ഉണര്‍വ്, പഠനം, തീരുമാനമെടുക്കല്‍, മള്‍ട്ടിടാസ്‌ക് ചെയ്യാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.

ഐസ് കഴിച്ചാല്‍ സംഭവിക്കുന്നത്:

നിങ്ങള്‍ ഐസ് കൊതിയന്‍ അല്ലെ കൊതിയത്തി ആണെങ്കില്‍ തീര്‍ച്ചയായും ആ ശീലം നിറുത്തണം. കാരണം സ്ഥിരമായി ഐസ് ചവയ്ക്കുന്നതിലൂടെ പല്ലില്‍ പൊട്ടല്‍ ഉണ്ടാകുന്നു. പല്ലിന്റെ ഇനാമലിന് കേടുപാടുകള്‍, വര്‍ധിച്ച സംവേദനക്ഷമത എന്നിവയിലേക്കും നയിക്കുന്നു. ഐസ് പോലെയുള്ളവ കഴിക്കാന്‍ തക്കവണ്ണമല്ല പല്ലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദം പല്ലുകള്‍ക്ക് ദോഷകരമാണ്. എല്ലായിപ്പോഴും ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലമായിരിക്കില്ല ഐസ്
കഴിക്കാന്‍ തോന്നുക. ചിലര്‍ക്ക് അതൊരു രസകരമായ അനുഭവം ആയിരിക്കാം. ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ഇരുമ്പിന്റെ കുറവ് പരിഹരിക്കണം:

ഭക്ഷണത്തിലൂടെയും ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശപ്രകരം ചില സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെയും ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കും. കൂടാതെ ഐസിന് പകരമായി അതേ സംവേദന ക്ഷമത നല്‍കുന്നു മറ്റെന്തെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് കാരറ്റ് അല്ലെങ്കില്‍ പഞ്ചസാര ചേരാത്ത മിഠായി പോലെയുള്ളവ ഉപയോഗിച്ചു നോക്കൂ. അങ്ങനെ പതുക്കെ ആ ശീലം പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് ഉചിതം. തുടര്‍ച്ചയായി ഐസിനോട് തോന്നുന്ന താല്‍പര്യം വിവിധ ആരോഗ്യ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് ഡോ. പ്രതിക് തിബ്ദേവാല്‍ പറയുന്നു.