പകൽ സമയത്തും നിങ്ങൾ നന്നായി ഉറങ്ങാറുണ്ടോ ? എങ്കിൽ ഇത് അറിഞ്ഞിരിക്കു 

 


ഉറക്കവും ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ വിട്ടുമാറാത്ത ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കും. നിങ്ങളുടെ ചിന്തയെയും, പ്രവൃത്തിയെയും, പഠനത്തെയും, മറ്റുള്ളവരോടുള്ള പെരുമാറ്റത്തെയും ഒക്കെ ഇത് ബാധിക്കാം. രാത്രിയിലെ ഉറക്കം സാധാരണമായാണ് എല്ലാവരും കാണുന്നതെങ്കിലും പകല്‍ ഉറങ്ങുന്നത് പൊതുവേ നല്ല ലക്ഷണമായി കാണാറില്ല. പകല്‍ സമയത്ത് ഉറക്കം വരുന്നതിന് പല കാരണങ്ങളുണ്ട്. ഇവയില്‍ ചിലത് സാധാരണവും ചില കാരണങ്ങള്‍ ആരോഗ്യം അപകടത്തിലായതിന്റെ സൂചനയുമാണ്.

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പകല്‍ ഉറക്കത്തിന് കാരണമാകും. ജോലിയിലെ ഷിഫ്റ്റുകള്‍, കുടുംബത്തിലെ ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുളള ഘടകങ്ങള്‍ ഇതിന് കാരണമാകും. ഉറക്കത്തകരാറുകളായ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ, നാര്‍കോലെപ്‌സി എന്നിങ്ങനെയുള്ള ഉറക്കത്തകരാറുകള്‍ അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകും.

ട്രാന്‍ക്വിലൈസറുകള്‍, ഉറക്ക ഗുളികകള്‍, ആന്റി ഹിസ്റ്റാമൈനുകള്‍, ചിലതരം വേദന സംഹാരികള്‍ തുടങ്ങിയ മരുന്നുകളും പകലുറക്കത്തിന് കാരണമാകാം. സമീകൃത ആഹാരം കഴിക്കാതിരിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്താല്‍ ക്ഷീണം തോന്നും. വൈറ്റമിന്‍ ഡി യുടെ കുറവ് പ്രായമായവരില്‍ അമിത ഉറക്കത്തിന് കാരണമാകും.

പ്രമേഹം, വിട്ടുമാറാത്ത വേദനകള്‍, പ്രവര്‍ത്തനരഹിതമായ തൈറോയിഡ്, രക്തത്തിലെ സോഡിയത്തിന്റെ അളവിലുള്ള മാറ്റങ്ങള്‍ എന്നിവ പകല്‍ ഉറക്കത്തിലേക്ക് നയിച്ചേക്കാം.