വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം കുടിക്കാതിരിക്കൂ..കാരണങ്ങൾ നോക്കാം 
 

 

വേനൽ കാലത്ത് പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം സൂക്ഷിക്കരുത്. അതിന് പല കാരണങ്ങളുമുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികളിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണ്.

വേനൽക്കാലത്ത് സൂര്യപ്രകാശം പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവയിൽ ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കരുത്.

കടകളില്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം. കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല. കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. തുടങ്ങിയ കാര്യങ്ങലും ശ്രദ്ധിക്കണം.