അൽപം വെളിച്ചെണ്ണ രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിച്ചുനോക്കൂ; ഗുണങ്ങൾ അറിയാം

 

വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പൂരിത കൊഴുപ്പുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെളിച്ചെണ്ണ. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

വെളിച്ചെണ്ണയിൽ ഉയർന്ന അളവിലുള്ള ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ‘നല്ല’ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും ‘മോശം’ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി ഹൃദയരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും.

രാത്രി ഉറങ്ങുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കുടിക്കുന്നത് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. അൽപം വെളിച്ചെണ്ണ കുടിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. ഉയർന്ന കലോറിയും പൂരിത കൊഴുപ്പും ഉള്ളതിനാൽ ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നു. ചെറിയ അളവിൽ വെളിച്ചെണ്ണ മുഖത്ത് പുരട്ടി കിടക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.

രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കുടിക്കുന്നത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നു. എന്നാൽ, ഇവയിൽ കലോറി കൂടുതലായതിനാൽ മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിനും മോണോലോറിനും ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ശുദ്ധമായ വെന്ത വെളിച്ചെണ്ണ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾ, വൈറസുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡി പോലുള്ളവയെ ആഗിരണം ചെയ്യാൻ വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് തടയാനും സഹായിക്കും.

ശുദ്ധമായ വെന്ത വെളിച്ചെണ്ണ കുറഞ്ഞ അളവില്‍ കഴിക്കുന്നത് എൻഡോക്രൈൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ സഹായിക്കും. ഹോർമോൺ അസന്തുലിതാവസ്ഥയോ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളോ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇത് സഹായകരമാകും.