ബീജത്തിന്റെ ഗുണനിലവാരം ഇവ നശിപ്പിക്കും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, അറിയാം

 

ഇന്നത്തെ ജീവിതരീതി കാരണം പുരുഷന്മാരിൽ വന്ധ്യത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളാണ് ഇതിന് പ്രധാനമായും കാരണം. എന്നാൽ കഴിക്കുന്ന ഭക്ഷണവും നിങ്ങളെ ദോഷകരമായി ബാധിക്കും. വൈദ്യശാസ്ത്രപരമായ കാരണങ്ങൾ മാറ്റിനിർത്തിയാൽ, ചില ഭക്ഷണങ്ങൾ പോലും പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ നശിപ്പിക്കും. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ വലിയ തോതിൽ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരം ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കൂ. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പുരുഷന്മാർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.

പ്രോസസ് ചെയ്ത മാസം
ഓർഗാനിക് മാംസം നല്ലതാണ്, പക്ഷേ പ്രോസസ് ചെയ്ത മാംസം നിങ്ങൾ ഒഴിവാക്കുക. കാരണം, പ്രോസസ് ചെയ്ത മാംസം കഴിക്കുന്നത് നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ഹാംബർഗറുകൾ, ബേക്കൺ, ഹോട്ട് ഡോഗ് എന്നിവ അധികമായി കഴിക്കുന്നത്, കുറഞ്ഞ അളവിൽ കഴിക്കുന്നവരെ അപേക്ഷിച്ച് ബീജങ്ങളുടെ എണ്ണം 23% കുറയ്ക്കും. പ്രോസസ് ചെയ്ത മാംസത്തിൽ ഹോർമോൺ ഉണ്ട്, അത് പ്രത്യുൽപാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ
കൊഴുപ്പുള്ള പാൽ, ചീസ് തുടങ്ങിയ കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ ബീജ ചലനത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് നിറഞ്ഞ പാൽ സ്ഥിരമായി കുടിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്ന കാരണങ്ങളിലൊന്നാണ്. യുവാക്കൾ അതിനാൽ ഫുൾ ഫാറ്റ് പാലുൽപന്നങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.

മധുരപാനീയങ്ങൾ
സോഡ, എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയ മധുര പാനീയങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ഒന്നു ശ്രദ്ധിക്കുക. കാരണം കാർബണേറ്റഡ് പാനീയങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ കഴിക്കുന്നത് ശുക്ല ചലനം കുറയുന്നതിന് കാരണമാകുമെന്ന് ഒരു പഠനം കാണിക്കുന്നു. അമിതമായ പഞ്ചസാര ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. തൽഫലമായി ബീജങ്ങളുടെ ചലനവും കുറയുന്നു.

ഓർഗാനിക് അല്ലാത്ത ഭക്ഷണങ്ങൾ
ഓർഗാനിക് അല്ലാത്ത ഭക്ഷണങ്ങൾ കഴിയുന്നത് പരമാവധി ഒഴിവാക്കുക. ഓർഗാനിക് അല്ലാത്ത ഭക്ഷണങ്ങളിലെ ഉയർന്ന തോതിലുള്ള കീടനാശിനികളും ഹോർമോണുകളും നിങ്ങളുടെ ബീജത്തെ നശിപ്പിക്കും. പ്രോസസ് ചെയ്ത മാംസം, ആപ്പിൾ, സ്ട്രോബെറി, മുന്തിരി, സെലറി, കക്കിരി, ചീര എന്നിവ കീടനാശിനികളും ഹോർമോണുകളും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നന്നായി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക.

കഫീൻ അടങ്ങിയ പാനീയങ്ങൾ
ചായയും കാപ്പിയും വളരെയേറെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കൂ, കാപ്പിയും ചായയും യഥാർത്ഥത്തിൽ നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയാമോ? ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ ചായയോ കാപ്പിയോ കഴിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന കോശങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് കഫീൻ അടങ്ങിയ പാനീയങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു ദിവസം രണ്ട് കപ്പ് മാത്രമായി ഇതിന്റെ ഉപഭോഗം പരിമിതപ്പെടുത്തണം.

കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകൾ
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ചില ജങ്ക് ഫുഡുകൾ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും പ്രത്യുൽപാദനത്തിനും വരെ ഹാനികരമാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ബീജവളർച്ച കുറയ്ക്കുന്നു. നിരോധിത മരുന്നുകളും സ്റ്റിറോയിഡുകളും ഉപയോഗിക്കുന്നതും നിങ്ങൾക്ക് പ്രശ്നമാണ്.

മദ്യം
നിങ്ങൾ എത്രയധികം മദ്യം കുടിക്കുന്നുവോ അത്രയധികം അത് നിങ്ങളുടെ ബീജസംഖ്യയെ ബാധിക്കുന്നു. ചില പഠനങ്ങൾ അനുസരിച്ച്, നിങ്ങൾ മിതമായ അളവിൽ മദ്യപിച്ചാലും നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്നാണ്.