കുടംപുളിയിട്ട നാടൻ മീൻകറി ഉണ്ടാക്കിയാലോ?; ഊണിന് ഇത് മാത്രം മതി

 

നാടൻ മീൻകറി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ
മീൻ - 1 കിലോ
കുടംപുളി - 5 അല്ലി
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി - ഇടത്തരം
കറിവേപ്പില -5 തണ്ട്
കടുക് -1/4 ടേബിൾ സ്പൂൺ
മുളകുപൊടി -3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
ഉലുവാപ്പൊടി -1/4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഒരു മൺചട്ടി ചൂടാക്കുക അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും ഇടാം. നന്നായി വാടിവന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് പുളിയും രണ്ടു തണ്ട് കറിവേപ്പിലയും ചേർത്തു കൊടുക്കുക. പൊടി കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചു അടച്ചുവച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. അടച്ചുവെച്ച് 10 മിനിറ്റ് ഇടത്തരം തീയിൽ വേവിച്ചെടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉലുവപ്പൊടി ചേർത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണയും ബാക്കിവന്ന കറിവേപ്പിലയും ചേർത്തുകൊടുക്കുക. കുടംപുളിയിട്ട മീൻകറി തയാറായിക്കഴിഞ്ഞു. (കടപ്പാട്; ദീപ്തി)