ഗ്യാസ് ലീക്ക്: ഉടൻ ചെയ്യേണ്ട ചില സുരക്ഷാ മുൻകരുതലുകൾ നോക്കാം

 

ഗ്യാസ് സിലിണ്ടറുകളുടെ അശ്രദ്ധമായ ഉപയോഗത്തിൽ ചെറുതല്ലാത്ത റിസ്കുമുണ്ട്. ചെറിയ ശ്രദ്ധക്കുറവു പോലും ജീവഹാനി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് എത്തിക്കും. അതിനാൽ സിലിണ്ടറുകളുടെ ഉപയോഗത്തിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. സിലിണ്ടറിന് ലീക്കേജ് ഉണ്ടോയെന്ന് അടിക്കടി ശ്രദ്ധിക്കണം.

അത്തരത്തിൽ ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാൽ സ്വീകരിക്കേണ്ട ചില സുരക്ഷാ മുൻകരുതലുകൾ നോക്കാം.

* സിലിണ്ടറിന്റെ റെഗുലേറ്റർ വേഗം ഓഫ് ചെയ്യുക. അതിനുശേഷം സേഫ്റ്റി ക്യാപ്പുകൊണ്ട് മൂടി വയ്ക്കാനും ശ്രദ്ധിക്കണം.

* ഇത്തരം സാഹചര്യത്തിൽ പരമാവധി വായുസഞ്ചാരം വീടിനുള്ളിലും സിലിണ്ടർ സൂക്ഷിച്ചിരിക്കുന്ന മുറിക്കുള്ളിലും ഉണ്ടാവുക എന്നതാണ് പ്രധാന കാര്യം. അടച്ചിട്ട നിലയിലുള്ള ജനാലകളും വാതിലുകളും വേഗം തുറന്നിടുക.  ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് വായുവിനേക്കാൾ അധികഭാരമുണ്ട്.  അതിനാൽ വായുസഞ്ചാരം മികച്ച രീതിയിൽ ഉറപ്പാക്കിയാൽ ഗ്യാസിന്റെ വ്യാപനം കുറയ്ക്കാനാകും.

* തീ പടരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുക. വിളക്കുകളും ചന്ദനത്തിരികളുമടക്കമുള്ളവ കത്തിച്ച നിലയിലുണ്ടെങ്കിൽ എത്രയും വേഗം അണയ്ക്കണം. തീ വേഗത്തിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും തുറസ്സായ സ്ഥലത്തേക്ക് മാറ്റുക.

* ഗ്യാസ് ലീക്കേജ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഇലക്ട്രിക്കൽ ഉപകരണങ്ങളൊന്നും ഉപയോഗിക്കരുത്. സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക. വൈദ്യുതി സപ്ലൈ പുറത്തുനിന്നും താൽക്കാലികമായി വിച്ഛേദിപ്പിക്കുന്നതാണ് ഉചിതം.

* പ്രാഥമിക മുൻകരുതലുകൾ എടുത്തശേഷം എൽപിജി ഡീലറുമായി വേഗം ബന്ധപ്പെടണം. സാഹചര്യത്തിന്റെ ഗൗരവം വിശദീകരിച്ച് അടിയന്തര സഹായം വേണമെന്ന് ആവശ്യപ്പെടുക.

* സാധ്യമെങ്കിൽ എൽപിജി സിലിണ്ടർ തുറസായ ഒരിടത്തേക്ക് മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഒരു നനഞ്ഞ തുണിയെടുത്ത് സിലിണ്ടർ മൂടി വയ്ക്കാനും ശ്രദ്ധിക്കണം.  

* സിലിണ്ടറിന്റെ കേടുപാടുകൾ സ്വയം പരിശോധിക്കാനും പരിഹരിക്കാനും മുതിരാതിരിക്കുന്നതാണ് ഉചിതം. ഇവ കൈകാര്യം ചെയ്തു പരിശീലനം നേടിയ വ്യക്തിയുടെ സഹായം തന്നെ തേടുക. ലീക്കേജ് ഉണ്ടെന്നു കണ്ടെത്തിയാൽ കുടുംബാംഗങ്ങൾ വീടിനുള്ളിൽ നിന്നും തുറസ്സായ ഇടത്തിലേക്ക് മാറി നിൽക്കാനും ശ്രദ്ധിക്കണം.

എൽപിജി സിലിണ്ടർ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മുൻകരുതലുകൾ

* ചൂടോ സൂര്യപ്രകാശമോ തീപ്പൊരിയോ നേരിട്ട് ഏൽക്കാത്ത വിധത്തിൽ സുരക്ഷിതമായി സിലിണ്ടർ  വയ്ക്കുക.

* ഗ്യാസ് നേരിട്ട് കണ്ണുകളിലേക്കോ ത്വക്കിലേക്കോ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

* സിലിണ്ടർ എപ്പോഴും നിവർന്നു നിൽക്കുന്ന രീതിയിൽ തന്നെ വയ്ക്കുക. 

* വായുസഞ്ചാരമില്ലാതെ അടച്ചിട്ട ക്യാബിനുകൾക്കുള്ളിൽ സിലിണ്ടർ സൂക്ഷിക്കരുത്.

* കൃത്യമായ ഇടവേളകളിൽ ട്യൂബുകൾ പരിശോധിക്കാനായി ഗ്യാസ് വിതരണം സ്ഥാപനത്തിന്റെ സഹായം തേടുക. അതുപോലെ കൃത്യസമയത്ത് ട്യൂബുകൾ മാറ്റി പുതിയത് ഇടാനും ഓർമിക്കേണ്ടതുണ്ട്.