ഭക്ഷണം തന്നെ ആരോഗ്യം; ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ ശീലിക്കാം

 

അമിതമായ ഭക്ഷണം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. ശരീരത്തിന് ആവശ്യമായ രീതിയില്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ നാം ശീലിക്കണം. മുതിര്‍ന്നവര്‍ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും വേണം. അല്ലെങ്കില്‍ അതു മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ആരോഗ്യപ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കും. നല്ല ആഹാരം എന്നത് ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്.

ശരിയായതോതില്‍ അന്നജവും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അന്നജം ...50-60 ശതമാനം
മാംസ്യം ...20 ശതമാനം
കൊഴുപ്പ് ....20-30 ശതമാനം.

അന്നജത്തില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നത്. ധാന്യം, കിഴങ്ങ്, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയില്‍ അന്നജം ധാരാളമായി അടങ്ങിയിരിക്കുന്നു. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കുക. നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം.

മാംസ്യം പേശികളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. മുട്ടയുടെ വെള്ള, മത്സ്യം, മാംസം, പാല്‍, പയറുവര്‍ഗങ്ങള്‍ എന്നിവയില്‍ മാംസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് മതിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും ഉണ്ട് . നട്‌സ്, കപ്പലണ്ടി, മത്സ്യം എന്നിവയില്‍ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ ധാരാളം കഴിക്കുക. ചുവന്ന മാംസം ഒഴിവാക്കുക (മട്ടണ്‍, ബീഫ്).
പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ഇതെല്ലാം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


സുരക്ഷിത ഭക്ഷണം

സമീകൃത ആഹാരം കഴിക്കാന്‍ ശീലിക്കുക. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ തീര്‍ത്തും പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അന്നജവും കൊഴുപ്പും കുറയ്ക്കണം. ദിവസവും വ്യായാമം ചെയ്യുക. അരകെട്ടിന്റെ വണ്ണം കൂടാതെ നോക്കുക. ഉദര ചുറ്റളവ് മുതിര്‍ന്ന ആണുങ്ങള്‍ക്ക് 90 സെ.മീ. താഴയും പെണ്ണുങ്ങള്‍ക്ക് 80 സെ.മീ. താഴയും ആയിരിക്കുന്നത് ഉചിതം.
വീട്ടില്‍ പാകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ മാത്രം കഴിക്കുക. 

തദ്ദേശീയവും അതത് സീസണില്‍ ലഭ്യവുമായ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രാസവസ്തുക്കളും മാലിന്യവും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീര്‍ത്തും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കരുത്.
വനസ്പതിയും ഒരിക്കല്‍ പാചകത്തിന് വേണ്ടി ഉപയോഗിച്ച എണ്ണയും ഉപയോഗിക്കാതിരിക്കരുത്. വൃത്തിഹീനമായ സ്ഥലത്തു നിന്ന് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.