ഇഞ്ചിയുടെ തൊലി വെറുതെ കളയരുതേ; ഗുണങ്ങൾ ഏറെ

 

ഇഞ്ചി നിറയെ ഗുണങ്ങളുള്ള ഒന്നാണ്. അതിനാൽ തന്നെ കറികളിലും ചായയിലും എല്ലാം നാം ഇഞ്ചി ചേർക്കാറുണ്ട്. രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങൾക്കുമെല്ലാം നല്ല ഒരു മരുന്നാണ് ഇത്.

വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് പരിഹാരമാണ്. തൊലി കളഞ്ഞും കളയാതെയും ആളുകൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചിയിലെ തൊലിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. ഇഞ്ചിയുടെ തൊലി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കിയാലോ?

ഇഞ്ചിയുടെ തൊലി നന്നായി ഉണക്കിയ ശേഷം അത് ചായപ്പൊടിയുടെ പാത്രത്തിൽ ഇട്ടുവയ്ക്കുന്നത് വളരെ നല്ലതാണ്. അത് ഉപയോഗിച്ച് ചായ ഉണ്ടാക്കിയാൽ പ്രത്യേക രുചിയുണ്ടായിരിക്കും. ഉണക്കിയ ഇഞ്ചിത്തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് തേൻ, നാരങ്ങാനീര്, കറുവപ്പട്ട എന്നിവ ചേർത്ത് ജിഞ്ചർ ടീയാക്കി കുടിക്കാം. സൂപ്പ് ഉണ്ടാക്കുമ്പോൾ ഈ ഇഞ്ചിത്തൊലി ചേർക്കുന്നത് നല്ലതാണ്. എന്നാൽ വിളമ്പുന്ന സമയത്ത് എടുത്ത് മാറ്റുക.

ഇഞ്ചി ഒരു നല്ല അണുനാശിനിയാണ്. ഇഞ്ചിത്തൊലി, വിനാഗിരി എന്നിവ ഒരുമിച്ച് കുറച്ച് ദിവസം വയ്ക്കുക. അപ്പോൾ ഇഞ്ചിയുടെ സത്ത് വിനാഗിരിയിലേക്ക് ഇറങ്ങും. ശേഷം ഈ വിനാഗിരി അരിച്ചെടുത്ത് ഒരു കുപ്പിയിൽ അടച്ച് വയ്ക്കുക. അടുക്കളയും മറ്റും തുടയ്ക്കുമ്പോൾ ഇത് ഉപയോഗിക്കാം. അതുപോലെ തന്നെ ഇഞ്ചിയുടെ തൊലി ഒരിക്കലും കത്തിയോ പീലറോ കൊണ്ട് കളയരുത്. സ്പൂൺ കൊണ്ട് വേണം തൊലി കളയാൻ.