'സെക്സ് വേദനാസംഹാരി'; സെക്സിന്റെ ഈ 12 ഗുണങ്ങൾ നിങ്ങൾക്കറിയാമോ?; നോക്കാം അവ

 

സെക്‌സ് ആനന്ദത്തിനുള്ള ഉപാധി മാത്രമല്ല, ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളും സെക്സിനുണ്ട്. ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ആരോഗ്യപരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനും നന്നായി ഉറങ്ങാനുമൊക്കെ ആളുകളെ സഹായിക്കും.

1. അടുപ്പം വർധിപ്പിക്കും

സെക്സ് കേവലം ശരീരങ്ങൾ തമ്മിലുള്ള അടുപ്പമല്ല. പങ്കാളികൾക്കിടയിൽ അടുപ്പവും സ്നേഹവുമെല്ലാം വർധിപ്പിക്കാനും ബന്ധം ശക്തിപ്പെടുത്താനും സെക്സ് സഹായിക്കും. സെക്സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂടാൻ കാരണമാവുന്ത്. ഇവയെ ലവ് ഹോർമോൺ എന്നും വിളിക്കാറുണ്ട്. പങ്കാളികൾക്കിടയിലെ വൈകാരികമായ അടുപ്പം ദൃഢപ്പെടുത്തുന്നതിലും സെക്സിനു വലിയ പങ്കുണ്ട്.

2. ടെൻഷൻ കുറയ്ക്കും

ആധുനിക കാലത്ത് പലവിധ സമ്മർദ്ദങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോവുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ചൊരു ഉപാധി കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും, ഒപ്പം സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രണയപൂർവ്വമുള്ള സ്പർശനം, ആലിംഗനം എന്നിവയൊക്കെ മനസ്സിന് ശാന്തത സമ്മാനിക്കുന്ന കാര്യങ്ങളാണ്.

3. മികച്ച ഉറക്കത്തിന്

ടെൻഷനും ഉത്കണ്ഠകളും കാരണം നല്ല ഉറക്കം കിട്ടാതെ വരുന്നവർ നിരവധിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ നല്ല ഉറക്കം കിട്ടും. ലൈംഗിക ബന്ധത്തിനു ശേഷം ശരീരം പുറപ്പെടുവിക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോർമോൺ ആണ് ശരീരത്തിന് ശാന്തതയും ഉറക്കവും സമ്മാനിക്കുന്നത്. ഇതുവഴി നന്നായി ഉറങ്ങാനും രാവിലെ ഉണർവ്വോടെ എണീക്കാനും സാധിക്കും.

4. സെക്സ് എന്ന വേദനാസംഹാരി

വേദനകളെ കുറയ്ക്കാനുള്ള കഴിവുണ്ട് സെക്സിന്. എങ്ങനെയെന്നല്ലേ? ലൈംഗിക ബന്ധത്തിനിടെ രതിമൂർച്ഛയിലെത്തുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് അഞ്ച് മടങ്ങ് വർദ്ധിക്കുകയാണ്. ഈ ഹോർമോണുകൾക്ക് വേദനകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

5. മികച്ച രോഗപ്രതിരോധ ശേഷി

ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സെക്സിനു സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. സെക്സിൽ ഏർപ്പെടുമ്പോൾ ശരീരത്തിൽ ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ എ(IgA) യുടെ അളവ് വർധിക്കുകയാണ്. ഇതിന് ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്.

6. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ആരോഗ്യപരമായ സെക്സിൽ ഏർപ്പെടുമ്പോൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാസത്തിലൊരിക്കലോ അപൂർവ്വമായോ മാത്രം സെക്‌സിൽ ഏർപ്പെടുന്ന പുരുഷന്മാരേക്കാൾ മികച്ച ഹൃദയാരോഗ്യം ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരിൽ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പുരുഷന്മാരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.

7. ആയുസ്സു കൂട്ടും

ആയുർദൈർഘ്യം കൂട്ടാനുള്ള കഴിവും സെക്സിനുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രതിമൂർച്ഛ ഉണ്ടാകുമ്പോൾ ഡിഹൈഡ്രോപിയാൻഡ്രോസ്റ്റെറോൺ എന്ന ഹോർമോണുകൾ ഉണ്ടാവുന്നു. ഇതിന് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരകോശങ്ങളെ നന്നാക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും രതിമൂർച്ഛ അനുഭവിക്കുന്ന പുരുഷന്മാർ മാസത്തിലൊരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു.

8. മെച്ചപ്പെട്ട രക്തചംക്രമണം

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരാളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. അതുവഴി അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ശുദ്ധരക്തം പമ്പ് ചെയ്യപ്പെടുന്നു. മികച്ച രീതിയിൽ രക്തചംക്രമണം നടക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

9. സെക്സ് വ്യായാമത്തിനു സമം

ഓരോ തവണ സെക്സിൽ ഏർപ്പെടുമ്പോഴും ധാരാളം കലോറി എരിച്ചു കളയുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു വ്യായാമത്തിലൂടെ ലഭിക്കുന്ന ശാരീരികമായ ഗുണങ്ങൾ സെക്സിലൂടെയും ലഭിക്കുന്നുണ്ട്.

10. നല്ല ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു

സെക്സിൽ ഏർപ്പെടുമ്പോൾ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ അളവ് വർദ്ധിക്കുന്നു. പുരുഷന്മാരെ സംബന്ധിച്ച് വളരെ ഗുണപ്രദമായ ഒന്നാണ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ. ഇത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. സ്ത്രീകളിൽ, ഈസ്ട്രജൻ എന്ന ഹോർമോണാണ് സെക്സിലൂടെ ഉത്തേജിപ്പിക്കപ്പെടുന്നത്. ഈസ്ട്രജൻ ഹോർമോണുകൾക്ക് സ്ത്രീകളുടെ ഹൃദയാരോഗ്യത്തിൽ നിർണായകമായൊരു റോളുണ്ട്.

11. വിഷാദസാധ്യത കുറയ്ക്കും

വിഷാദം പോലുള്ള അവസ്ഥകളിൽ നിന്നും മോചനം നൽകാനും സെക്സിനാവും. സെക്‌സ് സന്തോഷകരമായ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നേരത്ത് തലച്ചോർ പുറത്തുവിടുന്ന രാസവസ്തുക്കൾ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയാണ്. ഇത് ഒരു ന്യൂറോ ട്രാൻസ്മിറ്ററായി പ്രവർത്തിക്കുന്നു. ശരീരത്തിലെ പ്രധാന ആന്റീഡിപ്രസന്റ് രാസവസ്തുക്കളിൽ ഒന്നാണിത്. ഇവയ്ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും.

12. ആർത്തവകാല പ്രശ്നങ്ങൾ കുറയ്ക്കും

ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ, തലവേദന പോലുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ. പതിവായുള്ള ലൈംഗികത ഈസ്ട്രജൻ പോലുള്ള പ്രത്യുൽപാദന ഹോർമോണുകളെ സന്തുലിതമാക്കാനും സ്ത്രീകളിൽ സ്ഥിരമായ അണ്ഡോത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്നും ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.