ബെഡ്ഷീറ്റ് എത്ര ദിവസം കൂടുമ്പോൾ മാറ്റണം? ചർമരോഗങ്ങൾ തടയാം; ഇവയൊന്ന് ശ്രദ്ധിക്കൂ 

 

ദിവസം ശരാശരി ആറ് മുതൽ 10 മണിക്കൂർ വരെയൊക്കെ രാത്രി നാം കിടക്കയിൽ ചെലവഴിക്കാറുണ്ട്. നാം ഉറങ്ങുമ്പോൾ നമ്മുടെ ചർമ്മത്തിന്റെ അടരുകളും ശരീരസ്രവങ്ങളും എണ്ണകളുമൊക്കെ കിടക്കയിൽ ശേഖരിക്കപ്പെടുന്നു. ഇതിനു പുറമേ പൊടി, വളർത്തു മൃഗങ്ങളുടെ രോമങ്ങൾ എന്നിവയും കിടക്കവിരിയിൽ കാണപ്പെടാം. ഇക്കാരണങ്ങളാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും കിടക്കവിരി അലക്കി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇനി കിടക്കവിരി അലക്കുന്ന രീതി അതിന്റെ വൃത്തിയെ മാത്രമല്ല ഈടുനിൽപ്പിനെയും സ്വാധീനിക്കുന്നു. കിടക്കവിരിയിൽ കറകൾ ഉണ്ടെങ്കിൽ അലക്കുന്നതിന് മുൻപ് നല്ലൊരു സ്റ്റെയ്ൻ റിമൂവർ ഉപയോഗിച്ച് കിടക്കവിരിയെ പ്രീട്രീറ്റ് ചെയ്യേണ്ടതാണ്. ഒരു വിധം കറകളൊക്കെ സ്റ്റെയ്ൻ റിമൂവർ ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും.

രക്തം, കാപ്പി, വൈൻ പോലുള്ള കടുത്ത കറകൾ നീക്കം ചെയ്യാനായി വാഷിങ് മെഷീനിൽ ഇടുന്നതിന് മുൻപ് ഒരു രാത്രി കിടക്കവിരി സ്റ്റെയ്ൻ റിമൂവറിൽ മുക്കി വയ്ക്കേണ്ടതാണ്. ഗ്രീസ് കറകൾ മാറ്റാൻ ഡിഷ് വാഷ് സോപ്പുകളും സഹായകമാണ്. തുണികൾ ഡ്രയറിലേക്ക് മാറ്റുന്നതിന് മുൻപായി കറകൾ പോയോ എന്ന് ഉറപ്പാക്കേണ്ടതാണ്. കടുത്ത കറകൾ നീക്കം ചെയ്യാൻ ചെറുചൂട് വെള്ളം കഴുകാനായി ഉപയോഗിക്കാം.

കിടക്കവിരികൾ നിറം മങ്ങാതെ നിലനിർത്തണമെങ്കിൽ കുറഞ്ഞ താപനിലയിലുള്ള വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കേണ്ടതാണ്. തണുത്ത വെള്ളമാണ് ഏറ്റവും അനുയോജ്യം. കറകൾ നീക്കം ചെയ്യാൻ ബ്ലീച്ച് ഉപയോഗിക്കുന്നുണ്ടെങ്കിൽ കഴിവതും വെള്ള നിറമുള്ള കിടക്കവിരി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. സംവേദനത്വം കൂടുതലുള്ള ചർമ്മം ഉള്ളവർ പുതിയ കിടക്കവിരികൾ ഉപയോഗിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. വിരിയിലെ ചുളിവുകൾ കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള ചില റെസിൻ ട്രീറ്റ്മെന്റുകളിൽ ചെറിയ തോതിൽ ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ടാകാം. ഇത് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മരോഗങ്ങൾ ഉണ്ടാക്കാം.

ഫാബ്രിക് സോഫ്ട്നറുകൾ എപ്പോഴും ഉപയോഗിക്കാതിരിക്കാനും വിദഗ്ധർ ശുപാർശ ചെയ്യുന്നു. കുറഞ്ഞ ചൂടിൽ കിടക്കവിരികൾ ഉണക്കുന്നത് അവയിലെ ഇഴകളെ സംരക്ഷിക്കുകയും ദീർഘകാലം ഈട്നിൽപ്പ് നൽകുകയും ചെയ്യും.