അൽപ്പമെടുത്ത് ഫ്രിഡ്‌ജിൽ വയ്‌ക്കൂ; അര മണിക്കൂറിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ മായം തിരിച്ചറിയാം

 

വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ വരുന്നു.

പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

വ്യാജനെ കണ്ടെത്താം

ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും.