പാറ്റയും പല്ലിയും ഉറുമ്പും ഇനി വീടിന്റെ ഏഴയലത്ത് വരില്ല; ഇതാ ചില വഴികൾ

 
പാറ്റ, പല്ലി, ഉറുമ്പ്  ഇവയുടെ ശല്യം അനുഭവിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. വൃത്തിയില്ലാത്തതുമൂലവും ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതുകൊണ്ടൊക്കെയാണ് ഇവ വീട്ടിലെത്തുന്നത് എത്ര ശ്രമിച്ചിട്ടും, വീട് വൃത്തിയാക്കിയിട്ടൊന്നും ഇത്തരം ജീവികളുടെ ശല്യം തീരുന്നില്ലെന്ന് പരാതി പറയുന്നവരും ഏറെയാണ്.

വെറും രണ്ട് മിനിട്ട് മാറ്റിവയ്‌ക്കാനുണ്ടോ? എങ്കിൽ പാറ്റയേയും, പല്ലിയേയും ഉറുമ്പിനെയുമൊക്കെ തുരത്താനുള്ള 'അത്ഭുത വിദ്യ' വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മൂന്ന് സാധനങ്ങൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ. എന്തൊക്കെയാണെന്നല്ലേ? കർപ്പൂരം, കല്ലുപ്പ്, ചൂടുവെള്ളം എന്നിവയാണ് വേണ്ടത്.

തയ്യാറാക്കുന്ന വിധം


മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പും ഇരുപത് കർപ്പൂരവും മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക (കർപ്പൂരത്തിന്റെ മണം മിക്സിയുടെ ജാറിൽ നിന്ന് മാറ്റാനായി കുറച്ച് ബേക്കിംഗ് സോഡയും ഇളം ചൂടുവെള്ളവും ഒഴിച്ച് നന്നായി തേച്ചു കഴുകിയാൽ മതി). ഇനി ഈ മിക്സ് ഒരു ടേബിൾ സ്പൂൺ എടുക്കുക. അതിലേക്ക് അരഗ്ലാസ് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നന്നായി യോജിപ്പിക്കുക (ബാക്കി പൊടി കുപ്പിയിലിട്ട് സൂക്ഷിക്കാം). ഇനി ഒരു സ്‌പ്രേ ബോട്ടിൽ എടുത്ത് ഈ വെള്ളം അതിലൊഴിക്കാം.

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് കിച്ചൺ സിങ്ക്, സ്റ്റൗ അടക്കമുള്ള വൃത്തിയാക്കുക. ശേഷം ഇവിടങ്ങളിലൊക്കെ സ്‌പ്രേ ചെയ്തുകൊടുക്കാം. ഇതുവഴി പാറ്റയുടെയും പല്ലിയുടെയും ഉറുമ്പിന്റെയുമൊക്കെ ശല്യം മാറിക്കിട്ടും. നിലം തുടയ്‌ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് ഉപ്പ്, കർപ്പൂരം മിക്സ് ഇട്ടുകൊടുക്കാം. ശേഷം നിലം തുടയ്ക്കാം. പ്രാണി ശല്യമൊക്കെ മാറും.