കറണ്ട് ബിൽ കുറയ്ക്കാം സ്വിച്ചിട്ട പോലെ; ദാ ചില വഴികൾ ഇവിടെയുണ്ട്

 

ഓരോ മാസവും കറണ്ട് ബിൽ കണ്ട് കണ്ണ് തള്ളാറുണ്ടോ?, എന്നാൽ വീട്ടിലെ ഓരോ ആവശ്യങ്ങൾക്കും വൈദ്യുതി ഉപകരണങ്ങളെ ആശ്രയിക്കാതിരിക്കുക. ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാൽ മതിയാകും ഒരു വലിയ തുക തന്നെ നിങ്ങൾക്ക് ആ മാസം മിച്ചം പിടിക്കാൻ പറ്റിയെന്നും വരാം. നോക്കാം അതെങ്ങനെയെല്ലാമെന്ന്

ഇലക്ട്രിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക
വൈദ്യുതി ബിൽ കുറക്കാൻ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റിൽ നിന്നും പ്ലഗ് വേർപ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന മാർഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവർ ബട്ടൺ/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മൾ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.

എന്നാൽ അത് തെറ്റായ രീതിയാണ് കാരണം പവർ പ്ലഗ് കണക്റ്റായി നിൽക്കുമ്പോൾ സ്വിച്ച് ഓൺ ആയിരുന്നാൽ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടൺ ഓഫായാൽ വൈദ്യുതി പ്രവാഹം പൂർണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.

ഉപയോഗം കുറക്കാവുന്ന മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ
കാലാവസ്ഥയ്ക്കിണങ്ങുന്ന വസ്ത്രങ്ങളണിയാം: തണുപ്പുകൂടിയ സമയങ്ങളിൽ വീടിനകത്ത് ഹീറ്റർ ഓൺ ചെയ്തിടുന്നതിന് പകരം ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങൾ അണിയാം. ഹീറ്ററുകൾ ഉപയോഗിക്കുകയാണെങ്കിൽ പോലും വാതിലുകളും ജനലുകളും അടച്ചിട്ട ശേഷം മാത്രം ഹീറ്റർ ഓൺ ചെയ്താൽ മതി.

വാതിലിനും ജനലിനും ഇടയിലുള്ള വിള്ളലുകളും മറ്റും കണ്ടെത്തി അതും പരിഹരിച്ച് വേണം ഹീറ്റർ ഓൺ ചെയ്യാൻ. മുറിക്ക് ആവശ്യമായ ചൂട് ലഭിച്ചുതുടങ്ങിയാൽ ഹീറ്റർ ഓഫ് ചെയ്തിടാം. രാത്രികാലങ്ങളിൽ കട്ടിയുള്ള കർട്ടനുകളുപയോഗിച്ച് അടച്ചിട്ട ജനലുകൾ മറക്കുന്നതും മുറിക്കുള്ളിൽ ചൂടുണ്ടാകാൻ സഹായിക്കും.

ഡ്രയർ 
വസ്ത്രങ്ങൾ അലക്കി ഉണക്കാൻ ഡ്രയർ ഉപയോഗിക്കുന്ന പതിവുണ്ടെങ്കിൽ ആ പതിവൊന്ന് തിരുത്തി നോക്കൂ. വെയിലുള്ള നേരങ്ങളിൽ വീടിന് പുറത്തിട്ട് തുണികൾ ഉണക്കാവുന്നതാണ്. മഴക്കാലത്ത് വീടിനകത്ത് വെക്കാവുന്ന ക്ലോത്ത് റാക്ക് വാങ്ങി അത് ബാൽക്കണിയിലോ മഴ തട്ടാത്ത ഭാഗത്തായോ വെച്ച് തുണികൾ ഉണക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ ഡ്രയർ ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി ചെലവും ലാഭം.

ഇലക്ട്രിക് ബ്ലാങ്കറ്റോ ഹോട്ട് വാട്ടർ ബോട്ടിലോ
മൈനസ് ഡിഗ്രി തണുപ്പുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ചെറിയ തണുപ്പുപോലും താങ്ങാനാവാത്തവർക്കും ഇലക്ട്രിക് ബ്ലാങ്കറ്റ് പോലുള്ള സഹായ ഉപകരണങ്ങൾ കൈവശമുണ്ടാകാനിടയുണ്ട്. എന്നാൽ എന്തുകൊണ്ട് ഇലക്ട്രിക് ബ്ലാങ്കറ്റിന് പകരം ഒരു ഹോട്ട് വാട്ടർ ബോട്ടിൽ ഉപയോഗിച്ചുകൂടാ?

ഇലക്ട്രിക് ഉപകരണങ്ങൾ വഴിയുള്ള അപകടത്തിൽ നിന്നും രക്ഷനേടാനാകും. ഇനി, ഇലക്ട്രിക് ബ്ലാങ്കറ്റ് തന്നെ ഉപയോഗിക്കണമെന്നുള്ളവർക്ക് കിടക്കാൻ പോകുന്നതിന് മുമ്പ് ഇത് ഓൺ ചെയ്ത് ആവശ്യമായ ചൂട് നിലനിർത്തി കിടക്കാൻ പോകുന്നതിന് തൊട്ടുമുമ്പായി ഓഫ് ചെയ്താലും മതി

ലൈറ്റ് ഓഫ് ചെയ്യുക
ആർക്കും ഒന്നും ശ്രമിച്ചാൽ അല്ലെങ്കിൽ ശീലമാക്കിയാൽ ഒഴിവാക്കാവുന്ന വൈദ്യുതി ചാർജ്ജാണ് ബൾബ്, ട്യൂബ് ഉൾപ്പടെയുള്ള ഇലക്ട്രിക് വിളക്കുകളുണ്ടാക്കുന്നത്. പകൽ സമയങ്ങളിൽ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നൽകുന്ന സുഖം ഒരിക്കലും ഒരു ഇലക്ട്രിക് ബൾബും നൽകുകയില്ല. അഥവാ കണ്ണിന് സുഖകരമായ രീതിയിൽ സൂര്യപ്രകാശം എത്തിപ്പെടാത്ത മുറികളുണ്ടെങ്കിൽ അവിടെ ബൾബുപയോഗിച്ചോളൂ. എങ്കിലും മുറിയിൽ നിന്ന് മടങ്ങുമ്പോൾ ആ വൈദ്യുതിവിളക്കുകൾ അണയ്ക്കാൻ മറക്കരുത്.

ഇസ്തിരി
ദിവസവും പുറത്തിറങ്ങുന്നതിന് മുമ്പായി ഇളം ചൂടുള്ള വടിവൊത്ത വസ്ത്രം ധരിച്ച് പോയി ശീലമുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ചെറിയൊരു ത്യാഗം വൈദ്യുതി ബില്ലിൽ വലിയൊരു മാറ്റം ഉണ്ടാക്കിയേക്കാം.

ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങൾ ഇസ്തിരിയിടുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും ഉറപ്പ്. വസ്ത്രങ്ങൾ എപ്പോഴും നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കിൽ എപ്പോഴും ഇസ്തിരിയിടേണ്ട ആവശ്യവുമില്ല.

പുറത്തുപോയി വന്ന് വീട്ടിലെത്തിയാലുടനെ നമ്മൾ ചെയ്യുന്ന കാര്യമാണ് ലൈറ്റ് ഓൺ ചെയ്യുക ഒപ്പം തന്നെ ഫാനും ഓൺ ചെയ്യുക. എന്നാലും കാറ്റ് കൊണ്ട് അല്പം ആശ്വാസം കിട്ടിയാൽ കറങ്ങുന്ന ഫാനിനെ മറന്ന് നമ്മൾ മറ്റൊരു ഭാഗത്തേക്ക് ഓരോ ആവശ്യങ്ങൾക്കായി നീങ്ങുകയും ചെയ്യും. ആരും ഓഫ് ചെയ്യാനില്ലാതെ എന്തിനോ വേണ്ടി കറങ്ങുന്ന ഫാനും ലൈറ്റും അപ്പോഴും അവിടെ കാണാം. ഈ ശീലം ഇനി മാറണം. ആവശ്യത്തിന് ഉപയോഗിച്ച ശേഷം താമസംവിനാ ഓഫ് ചെയ്യുക ഈ ഉപകരണങ്ങളും.

ഇലക്ട്രിക് വാട്ടർ കെറ്റിലുകൾ
ചൂടുള്ള വെള്ളം കുടിക്കാൻ ഇടക്കിടെ ഇലക്ട്രിക് വാട്ടർ കെറ്റിലുകൾ ഉപയോഗിക്കണോ? ചൂട് മണിക്കൂറുകളോളം നിലനിർത്താവുന്ന ഫ്ളാസ്‌കുകൾ സുലഭമായ ഈ കാലത്ത് ചൂടോടെ വെള്ളം ഫ്ളാസ്‌കിൽ നിറച്ചുവെച്ചാൽ അത്രയും നേരം ഇലക്ട്രിക് കെറ്റിലിന്റെ ഉപയോഗം ഒഴിവാക്കാവുന്നതല്ലേ?