നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍; പിന്നിലെ രഹസ്യം അറിയാം
പൊതുവേ നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍. ഇതിന്റെ പിന്നിലെ രഹസ്യം പ്രധാനമായും അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യത്തിന് മാത്രമല്ല അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനാകുമെന്ന് ഒസാക മെട്രോപോളിറ്റന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
എല്ലാ ജീവജാലങ്ങളിലും നാം കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ന്യൂക്ലിക് ആസിഡുകള്‍. ഇവയെ ശരീരം ന്യൂക്ലിയോടൈഡുകളും ന്യൂക്ലിയോസൈഡുകളുമായി വിഘടിപ്പിക്കുന്നു. പ്രതിരോധ സംവിധാനത്തിലും കോശങ്ങളുടെ പ്രവര്‍ത്തനത്തിലുമെല്ലാം ഇവ നിര്‍ണ്ണായകമാണ്.
പരമ്പരാഗത ജാപ്പനീസ് ഭക്ഷണങ്ങളായ സാല്‍മണിലും ചിലതരം യീസ്റ്റിലുമെല്ലാം വലിയ തോതില്‍ ന്യൂക്ലിക് ആസിഡ് കണികകള്‍ അടങ്ങിയിരിക്കുന്നു. ആണ്‍ സാല്‍മണ്‍ മീനുകളുടെ ബീജം അടങ്ങിയ ദ്രാവകത്തില്‍ നിന്നും രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന ടോറുള യീസ്‌റ്റില്‍ നിന്നും വേര്‍തിരിച്ച രണ്ട് ന്യൂക്ലിക് ആസിഡ് സംയുക്തങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
ഈ സംയുക്തങ്ങള്‍ ഗ്വാനോസിന്‍ എന്ന സംയുക്തങ്ങളെ ഉത്‌പാദിപ്പിച്ചതായും ഗ്വാനോസിന്‍ അര്‍ബുദ കോശങ്ങള്‍ പെരുകുന്നത് തടയുന്നതായും ഗവേഷകര്‍ ലാബില്‍ നിരീക്ഷിച്ചു. കൂടുതല്‍ ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്ന് പ്ലോസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.