കാടമുട്ട കഴിക്കുന്നവരാണോ?; കോഴിമുട്ട അലർജിയുള്ള വ്യക്തികൾ കാടമുട്ടയും ഒഴിവാക്കേണ്ടതാണ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 

പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട. അതിനാൽ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടകളുടെ നായകനായ കാടമുട്ട ചിലപ്പോൾ വില്ലനായി മാറും.

ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയാണ്, അതിനാൽ മുട്ടകളുടെ തോടിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകൾ ആരോ​ഗ്യത്തിന് ദോഷം ചെയ്തേക്കാം. അതുകൊണ്ടുതന്നെ ​ഗർഭിണികൾ കാടമുട്ട ഒഴിവാക്കുന്നതാണ് നല്ലത്. രോ​ഗപ്രതിരോധ ശേഷി കുറവുള്ളവരും ദുർബലമായ ആരോ​ഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവരും കാടമുട്ട ഒഴിവാക്കാൻ ശ്രദ്ധിക്കുക.

കൂടാതെ കോഴിമുട്ട അലർജിയുള്ള വ്യക്തികൾ കാടമുട്ടയും ഒഴിവാക്കേണ്ടതാണ്. അത്തരക്കാർ ഡോക്ടറോട് ചോദിച്ച് പരിശോധനകൾ നടത്തി കാടമുട്ട അലർജിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം കഴിക്കുക. അല്ലാത്ത വിഭാ​ഗം ആളുകൾക്ക് ദിവസവും കാടമുട്ട കഴിക്കാവുന്നതാണ്.

എന്നാൽ, കാടമുട്ട പ്രോട്ടീനാൽ സമ്പന്നമായ ഒരു പദാർത്ഥമാണ്. ശരീരത്തിലെ നിരവധി പ്രക്രിയകൾക്ക് ആവശ്യമായി വേണ്ടുന്ന ഒന്നാണ് പ്രോട്ടീൻ. അമിനോ ആസിഡുകൾ എന്ന് വിളിക്കപ്പെടുന്ന ‘ബിൽഡിംഗ് ബ്ലോക്കുകൾ’ കൊണ്ടാണ് പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ ശരീരം ഈ അമിനോ ആസിഡുകളെ ഉപയോഗിച്ച് പേശികളെയും എല്ലുകളെയും മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യമുണ്ടാകുന്നു.