കുബ്ബൂസ് തയാറാക്കാം; ഗ്രിൽഡ് ചിക്കനും അൽഫാമിനുമൊപ്പം നല്ല കോമ്പിനേഷൻ

 

വളരെ എളുപ്പത്തിൽ കുബ്ബൂസ് തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ
മൈദ - നാല് കപ്പ്
ചൂടുവെള്ളം - അരക്കപ്പ്
യീസ്റ്റ്- അര ടീസ്പൂൺ
പാൽ- ഒരു കപ്പ്
എണ്ണ- ഒരു ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം
അരക്കപ്പ് ചെറുചൂടുവെള്ളത്തിൽ അൽപ്പം പഞ്ചസാരയും ചേർത്ത് യീസ്റ്റ് കലക്കിവെക്കുക. പത്ത് മിനിട്ട് ഇങ്ങനെ വെച്ചാൽ മിശ്രിതം പതഞ്ഞുവരും.
ഇനി മൈദയും യീസ്റ്റ് മിശ്രിതവും മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് ചെറുചൂടുള്ള പാൽ അൽപ്പാൽപ്പമായി ചേർക്ക് കുഴയ്ക്കുക. വളരെ ലൂസോ കൂടുതൽ കട്ടിയോ ആകാതെ മാവ് ചപ്പാത്തി പരുവത്തിനേക്കാൾ അൽപ്പം കൂടി ലൂസായ രീതിയിൽ, എന്നാൽ കയ്യിൽ ഒട്ടിപ്പിടിക്കുകയും ചെയ്യാത്ത രീതിയിൽ കുഴച്ചെടുക്കണം. ഇനിയിത് നല്ലവണ്ണം കുഴച്ചെടുക്കണം. അഞ്ച് മിനിട്ടോളം അങ്ങോട്ടുമിങ്ങോട്ടുമിട്ട് കുഴച്ചെടുത്താൽ മാവ് വളരെ സോഫ്റ്റ് ആകും. മിക്സിംഗ് ബൗളിൽ നിന്ന് മാറ്റി, വൃത്തിയായ അടുക്കള സ്ലാബിലോ മറ്റോ വെച്ച് ചെയ്യുന്നതാണ് നല്ലത്. ഈ കുഴയ്ക്കലിലാണ് കുബ്ബൂസിന്റെ മാർദ്ദവം ഉറപ്പാക്കുന്നത്.

ഇനിയിത് വീണ്ടും പാത്രത്തിലേക്ക് മാറ്റി മുകളിലായി ഒരു ടേബിൾസ്പൂൺ എണ്ണോ നെയ്യോ പുരട്ടി ഒരു തുണി കൊണ്ടോ പ്ലാസ്റ്റിക് വ്രാപ്പ് കൊണ്ടോ അടച്ചുവെക്കുക. രണ്ട് മണിക്കൂറോളം ചൂടുള്ള അന്തരീക്ഷത്തിൽ ഇങ്ങനെ വെക്കണം.

രണ്ട് മണിക്കൂറിന് ശേഷം മാവ് ഇരട്ടി വലുപ്പമായിട്ടുണ്ടാകും. ഒരിക്കൽ കൂടി പതിയെ മാവ് കുഴച്ചെടുക്കുക. അതിനെ ഉരുളകളാക്കി ഒരു ടവ്വൽ ഉപയോഗിച്ച് മൂടി പത്ത് മിനിട്ട് കൂടി വെക്കുക.

ഇനി ചപ്പാത്തി പരത്തിയെടുക്കുന്നത് പോലെ ഓരോ ഉരുളയും വട്ടത്തിൽ പരത്തിയെടുക്കുക. ആവശ്യത്തിന് മൈദ പൊടി മുകളിൽ വിതറി നന്നായി പരത്തിയെടുക്കാം. ഇനി ഒരു നോൺസ്റ്റിക് പാത്രം അടുപ്പിൽ വെ്ച്ച് ചൂടാക്കുക. തീ മീഡിയം ആക്കി അതിലേക്ക് പരത്തിവെച്ച കുബ്ബൂസ് ഇട്ട് ഇരുവശവും പൊള്ളിച്ചെടുക്കുക. അൽപ്പം വെന്തതിന് ശേഷം ഒരു തവി ഉപയോഗിച്ച് അമർത്തിക്കൊടുത്താല് കുബ്ബൂസ് പൊങ്ങിവരും. ഇങ്ങനെ ഓരോ കുബ്ബൂസും വേവിച്ചെടുക്കുക.