ചെടികൾക്ക് ഇനി കമ്പോസ്റ്റ് വീട്ടിൽ തയാറാക്കാം; അറിയാം ചിലത്

 

ചെടികൾക്ക് വെള്ളം പോലെ പ്രധാനമാണ് വളവും. വിപണിയിൽ നിന്നു കിട്ടുന്ന രാസവളങ്ങളേക്കാൾ വീട്ടിൽ തന്നെ തയാറാക്കുന്ന വളമായിരിക്കും കൂടുതൽ നല്ലതും. കമ്പോസ്റ്റ് പൂച്ചെടികൾക്കും പച്ചക്കറിത്തോട്ടത്തിനും ഒരുപോലെ ഉപകാരപ്രദമാണ്. കമ്പോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നറിയൂ.

ആദ്യമായി കമ്പോസ്റ്റ് തയാറാക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കുകയാണ് വേണ്ടത്. തോട്ടമുള്ളവരാണെങ്കിൽ തോട്ടത്തിൽ ഒരു കുഴി കുത്തി അതിൽ കമ്പോസ്റ്റ് തയാറാക്കാം. വലിയ ബക്കറ്റിലോ അതുപോലുള്ള മറ്റു സാധനങ്ങളിലോ വേണമെങ്കിലും ഇത് ഉണ്ടാക്കാം. അടച്ചു സൂക്ഷിക്കാൻ സംവിധാനമുണ്ടെങ്കിൽ ഏറെ നന്ന്. ഈച്ചകളുടേയും മറ്റ് പ്രാണികളുടേയും ശല്യം ഒഴിവാക്കാം.

വീട്ടിലേയും തൊടിയിലേയും ഉപയോഗശൂന്യമായ വസ്തുക്കളാണ് കമ്പോസ്റ്റിന് ഉപയോഗിക്കേണ്ടത്. എന്നാൽ പ്ലാസ്റ്റിക് സാധനങ്ങളും കോസ്മെറ്റിക്കുകളും ഇതിലേക്ക് ഇടരുത്.

ഇലകൾ, പച്ചക്കറിത്തൊണ്ട്, ചാണകം, മുട്ടത്തൊണ്ട് തുടങ്ങിയ എല്ലാ വിധ സാധനങ്ങളും കമ്പോസ്റ്റിനായി ഉപയോഗിക്കാം. ഇവ ഒരുമിച്ച് കുഴിയിലിടുക. കഴിവതും ഇവ അമർത്തി ഇടുക. ഇവ ചീഞ്ഞ് കമ്പോസ്റ്റ് വേഗം തയാറാകും. കമ്പോസ്റ്റിനായി ഉപയോഗിക്കുന്ന സാധനങ്ങൾ ഒരിക്കലും ഉണങ്ങരുത്. ഇവ ചീയണമെങ്കിൽ ജലാംശം വേണം. അതുകൊണ്ട് ഇവ ഉണങ്ങുകയാണെങ്കിൽ അൽപം വെള്ളം തളിച്ചു കൊടുക്കാം. ഇടയ്ക്കിടെ കമ്പോസ്റ്റിലിടുന്ന സാധനങ്ങൾ ഇളക്കിക്കൊടുക്കണം. എങ്കിലേ കമ്പോസ്റ്റ് പെട്ടെന്ന് തയ്യാറാവൂ.

എല്ലാ സാധനങ്ങളും ഒരുമിച്ചു ചേർന്നു കഴിഞ്ഞാൽ ആവശ്യാനുസരണം ചെടികൾക്കിടാം.