വിവാഹം കഴിച്ച പുരുഷന്മാർക്ക് പ്രായമാകുമ്പോൾ കൂടുതൽ ആരോഗ്യം; പുതിയ പഠന റിപ്പോർട്ട് പറയുന്നത് അറിയാം

 

പുതു തലമുറയ്ക്ക് വിവാഹത്തിനോട് അത്ര താൽപര്യമില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവാഹം കഴിച്ച പുരുഷന്മാർ പ്രായമാകുമ്പോൾ  മെച്ചപ്പെട്ട ശാരീരിക, മാനസിക ആരോഗ്യം പുലർത്തുന്നതായാണ് ഒരു പുതിയ പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

മധ്യവയസ്‌കരും പ്രായമായവുമായ ഏഴായിരത്തോളം കാനഡക്കാരിൽ ടോറന്റോ സർവകലാശാലയാണ് പഠനം നടത്തിയത്. 2011നും 2018നും ഇടയിലാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ നിന്നാണ് ആരൊക്കെയാണ് ഉത്തമമായ വാർദ്ധക്യം അനുഭവിക്കുന്നതെന്ന് നിരീക്ഷിച്ചത്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതര ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ ഇല്ലാത്തവരെയും ഉയർന്ന തോതിലുള്ള സന്തോഷവും ശാരീരിക, മാനസിക ആരോഗ്യവും അനുഭവിക്കുന്നവരെയുമാണ് ഉത്തമ വാർദ്ധക്യത്തിലൂടെ കടന്ന് പോകുന്നവരായി ഗവേഷകർ കണക്കാക്കിയത്.

ഉത്തമ വാർദ്ധക്യം അനുഭവിക്കുന്നവരിൽ വിവാഹിതരായ പുരുഷന്മാരാണ് കൂടുതലെന്ന് ഗവേഷകർ നിരീക്ഷിച്ചു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഗണ്യമായ സ്വാധീനം വിവാഹം അവരുടെ വാർദ്ധക്യജീവിതത്തിൽ വരുത്തുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. പുകവലി ഉപേക്ഷിക്കുക, സജീവമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങളിൽ പുരുഷന്മാർക്ക് അവരുടെ വൈവാഹിക പങ്കാളികളിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാകാം അവരുടെ മെച്ചപ്പെട്ട വാർദ്ധക്യത്തിന്റെ ഒരു കാരണമെന്ന് ഗവേഷകർ അനുമാനിക്കുന്നു.

കുടുംബവും കുട്ടികളും സുഹൃത്തുക്കളുമൊക്കെ ചേരുന്ന സാമൂഹിക ബന്ധങ്ങളും മെച്ചപ്പെട്ട ആരോഗ്യത്തിന് പിന്നിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു. വിവാഹിതരല്ലാത്തവർ സാമൂഹികമായി കൂടുതൽ ഒറ്റപ്പെടൽ നേരിടുന്നതും അവരുടെ ആരോഗ്യത്തെ ബാധിക്കാം. ഇന്റർനാഷണൽ സോഷ്യൽ വർക്ക് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.