ചീപ്പുകൾ, തോർത്ത് എന്നിവ പങ്കിടുന്നതുവഴി താരൻ പകരുമോ?; അറിയാം
താരൻ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ വളരെ വലുതാണ്. താരൻ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്നുമുള്ളതിനെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും നിലനിൽക്കുന്നു.
സെബോറിക് ഡെർമറ്റൈറ്റിസ് (Seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രതകുറഞ്ഞ വകഭേദമായാണ് താരനെ നിർവചിച്ചിട്ടുള്ളത്. താരനുണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണമാണ് സെബോറിക് ഡെർമറ്റൈറ്റിസ്. ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ മൂന്നാണ്.
1. മാലസീസിയാ (Malassezia)എന്ന പൂപ്പലിന്റെ സാന്നിധ്യം.
2. വ്യക്തിഗതമായ ശരീരിക സവിശേഷതകൾ (Individual Susceptibiltiy).
3. രോഗപ്രതിരോധ ശേഷിയിലെ കുറവ് (Immune dsyregulation).
മാലസീസിയ എന്ന പൂപ്പൽ ചർമത്തിലെ പുറംപാളിയിൽ സാധാരണമായി സഹവസിക്കുന്ന (Commensal) ഒന്നാണ്. മിക്കപ്പോഴും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാറില്ല. എന്നാൽ, ചിലസമയങ്ങളിൽ താരനും മറ്റും കാരണമാകുകയും ചെയ്യും.
ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സെബം എന്ന സ്രവം മാലസീസിയയുടെ വളർച്ചയ്ക്ക് അനുകൂലമായ ഘടകമാണ്. മാലസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സെബത്തിൽനിന്ന് ഫാറ്റി ആസിഡുകളുണ്ടാക്കുകയെന്നത് ഇതിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ച് ഇൻഫ്‌ളമേഷനുണ്ടാക്കുന്നു. അത് ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും വെള്ളപ്പൊടിയായ ശല്കങ്ങളായി പുറന്തള്ളുകയും ചെയ്യുന്നു. ഇതാണ് നാം താരനായി കാണുന്നത്.
താരനും മിഥ്യാധാരണകളും
1. എണ്ണ തേക്കുന്നത് താരനെ തുരത്തും
അധികമായി എണ്ണ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലമാണ് ഉണ്ടാക്കുക. മാലസീസിയ എന്ന പൂപ്പൽ വളരാൻ എണ്ണമയമുള്ള അവസ്ഥ സഹായകരമാണ്. അതിനാൽ അമിതമായി എണ്ണയുടെ ഉപയോഗം പാടില്ല. അഥവാ പുരട്ടിയാലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
2. താരൻ പൂർണമായി ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ്
താരന് ജനിതകമായ കാരണങ്ങൾ കൂടിയുണ്ട്. ചികിത്സ ചെയ്യുമ്പോൾ താരൻ ശമിക്കുമെങ്കിലും അത് തിരികെവരാനുള്ള സാധ്യത എപ്പോഴുമുണ്ട്. പൂപ്പലിന്റെ വളർച്ചയെ തടയുന്നതുവഴി ചർമത്തിലെ ഇൻഫ്‌ളമേഷൻ കുറയുമ്പോൾ രോഗം ശമിച്ചതായി കാണപ്പെടും. എന്നാൽ, മാലസീസിയ എന്ന പൂപ്പലിനെ ചർമത്തിൽനിന്ന് പൂർണമായി നീക്കംചെയ്യാൻ സാധ്യമല്ല.
3. ചീപ്പുകൾ, തോർത്ത് എന്നിവ പങ്കിടുന്നതുവഴി താരൻ പകരും
താരന് കാരണമാകുന്ന പൂപ്പൽ നമ്മുടെ ശരീരത്തിൽ തന്നെ ഉള്ളതാണ്. മറ്റുള്ളവരിൽനിന്ന് പകരാൻ സാധ്യതയുള്ള പൂപ്പൽ ട്രൈക്കോഫൈറ്റോൺ, എപ്പിഡർമോഫൈറ്റോൺ, മൈക്രോസ്‌പോറം (Trichophyton, Epidermophyton, microsporum) എന്നീ വിഭാഗങ്ങളിലുള്ളവയാണ്. ഇവ കാരണം വട്ടച്ചൊറി (tinea) എന്ന രോഗമുണ്ടാകാം. അതിനെ തടുക്കാനാണ് ചീപ്പ്, തോർത്ത് എന്നിവ പങ്കിടരുതെന്ന് പറയുന്നത്.
4. ധാരാളം വെള്ളം കുടിക്കൂ. നിർജലീകരണം കാരണമാണ് താരനുണ്ടാകുന്നത്
വെള്ളം ആവശ്യത്തിന് കുടിക്കുന്നതും നിർജലീകരണം ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നിർജലീകരണവും താരനുമായി ബന്ധമില്ല. താരൻ മാറുന്നതിനുള്ള പ്രതിവിധികൾ തേടാതെ വെള്ളം കുടിക്കുകമാത്രം ചെയ്താൽ രോഗാവസ്ഥയിൽ മാറ്റമുണ്ടാവില്ല.
5. തലയിൽ നാരങ്ങനീര്, കറ്റാർവാഴ എന്നിവ തേച്ചാൽ താരൻ മാറും
നാരങ്ങനീര് നേരിട്ട് തേച്ചശേഷം മസാജ്‌ചെയ്യുമ്പോൾ താരൻ തത്കാലത്തേക്ക് കുറഞ്ഞെന്ന് തോന്നുമെങ്കിലും അതൊരു ചികിത്സയല്ല. രോഗാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കുകയുമില്ല. വീര്യം കൂടിയ നാരങ്ങനീര് ചർമത്തിൽ കേടുവരുത്താനും ഇറിറ്റന്റ് കോൺടാക്ട് ഡർമറ്റൈറ്റിസ് (Irritant contact dermatitis) എന്ന പ്രശ്‌നമുണ്ടാക്കാനും സാധ്യതയുണ്ട്. കറ്റാർവാഴ ജെല്ലും കുറച്ചുനേരത്തേക്ക് ചൊറിച്ചിൽ കുറയാൻ സഹായിക്കുകയും ശൽകങ്ങൾ മാറ്റുകയും ചെയ്യുമെന്നല്ലാതെ രോഗാവസ്ഥയ്ക്ക് ശ്വാശതപരിഹാരമല്ല.
6. മുടി മുഴുവൻ ഷേവ്‌ചെയ്തുകളഞ്ഞു, എന്നിട്ടും താരൻ കുറയുന്നില്ല
താരൻ എന്നത് ശിരോചർമത്തിലെ രോഗാവസ്ഥയാണ്. മുടി വെട്ടിയാലോ ഷേവ് ചെയ്താലോ രോഗം മാറുകയില്ല.
വേനൽക്കാല അവധിസമയത്ത് കുട്ടികളുടെ/ ചെറുപ്പക്കാരുടെ തലമുടി പറ്റെ വെട്ടുകയോ വടിച്ചു കളയുകയോ ചെയ്യുമ്പോൾ രോഗം കുറഞ്ഞതായി തോന്നാം. വേനൽക്കാലത്ത് കാലാവസ്ഥാവ്യതിയാനം കാരണം രോഗാവസ്ഥ സ്വാഭാവികമായി കുറയുന്നതിനെ ചേർത്തുവായിക്കുന്നതുമാകാം.
7. സുഗന്ധതൈലങ്ങൾ (Essential oils) താരനെ അകറ്റും
ടീ ട്രീ ഓയിൽ, ലാവെൻഡർ ഓയിൽ, റോസ്‌മേരി ഓയിൽ എന്നിവ താരനെ അകറ്റാൻ കഴിവുള്ളതാണെന്ന് പ്രചാരണമുണ്ട്. പൂപ്പൽബാധയ്‌ക്കെതിരേ ഇവയുടെ പ്രവർത്തനം ഫലപ്രദമാണെന്ന് പഠനങ്ങളുണ്ടെങ്കിലും താരനെ അകറ്റുമോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. വീര്യം കൂടിയ അവസ്ഥയിൽ മറ്റ് എണ്ണകളുമായി ചേർത്ത് നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളൽ വരാനും സാധ്യതയുണ്ട്.
8. ഹെൽമെറ്റ് വെച്ചാൽ താരൻ കൂടും
താരൻ എന്ന രോഗാവസ്ഥയ്ക്ക് കാലാവസ്ഥാവ്യതിയാനം അനുസരിച്ച് മാറ്റങ്ങൾ കണ്ടുവരുന്നു. തണുപ്പുള്ള, വരണ്ട ശീതകാല കാലാവസ്ഥയിൽ താരൻ അധികമാകുന്നതായി പഠനങ്ങളുണ്ട്. ചൂടുള്ള, ഈർപ്പമുള്ള വേനൽക്കാലങ്ങളിൽ രോഗാവസ്ഥ കുറയുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഹെൽമെറ്റ് വച്ചാൽ ചൂടും ഈർപ്പവും കാരണം താരൻ കൂടുമെന്ന് പറയാൻ തെളിവുകളില്ല. ഹെൽമെറ്റ് റോഡ്‌സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. താരനെന്ന കാരണം പറഞ്ഞ് ഹെൽമെറ്റ് ഒഴിവാക്കരുത്.
പരിഹാര മാർഗങ്ങൾ
താരൻ എന്നത് ദീർഘകാലം (ചിലപ്പോൾ ജീവിതകാലം മുഴുവനായും) നീണ്ടുനിൽക്കുന്ന അവസ്ഥയാണ്. ഇടവിട്ടോ തുടർച്ചയായോ ചികിത്സ ആവശ്യമായിവന്നേക്കാം. രോഗത്തെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. സ്വയംചികിത്സ ഒഴിവാക്കി, ഡോക്ടറുടെ സേവനം തേടുക എന്നത് ഏത് രോഗാവസ്ഥയ്ക്കും ആവശ്യമാണ്. അങ്ങനെതന്നെ താരനെയും നേരിടുക.
ആന്റിഫംഗൽ ഷാംപൂ
പൂപ്പൽ കാരണമുള്ള താരന് ഷാംപൂരൂപത്തിലുള്ള മരുന്നുകളാണ് ആദ്യഘട്ടത്തിൽ നൽകുക. അവ മാലസീസിയയുടെ വളർച്ചയും ഇൻഫ്‌ളമേഷനും കുറയ്ക്കും. ആഴ്ചയിൽ രണ്ടുതവണയോ അതിലധികമോ പ്രാവശ്യം ഷാംപൂ ഉപയോഗിക്കാം. ശിരോചർമത്തിൽ തേച്ച്, പത്തുമിനിറ്റിനുശേഷം കഴുകിക്കളയാം. തുടർച്ചയായ ഉപയോഗം താരനെ കുറയ്ക്കുകയും അധികമായി തിരികെ വരുന്നതിനെ തടയുകയും ചെയ്യുന്നു. ഷാംപൂ ഉപയോഗം നിർത്തുമ്പോൾ താരൻ തിരികെ വരാനുള്ള സാധ്യതയുള്ളതിനാൽ മാസത്തിൽ ഒരിക്കലെങ്കിലും ഷാംപൂ ഉപയോഗിക്കുന്നത് ഗുണംചെയ്യും. കീറ്റോകോനസോൾ, സിങ്ക് പൈരിത്യൺ, സെലനിയം സൾഫൈഡ് എന്നിവ ചേർന്ന ഷാംപൂ ഫലപ്രദമാണ്.
സ്റ്റിറോയ്ഡ് ലോഷനുകൾ
രോഗത്തിന്റെ സങ്കീർണമായ അവസ്ഥയിൽ വെള്ളമൊലിപ്പ്, ചുവന്ന പാടുകൾ എന്നിവയുണ്ടാകാം. ഇത്തരം അവസ്ഥയിൽ സ്റ്റിറോയ്ഡ് ലോഷനുകൾ ആവശ്യമായിവരാം. ഈ അവസ്ഥ സെബോറിക് ഡെർമറ്റൈറ്റിസ് എന്ന രോഗത്തിന്റെ കടുത്ത രൂപമാണ്. ശരിയായ രീതിയിലും അളവിലും ഉപയോഗിച്ചാൽ സ്റ്റിറോയ്ഡ് ലോഷനുകൾ നല്ല ഫലം തരും.
എക്‌ഫോളിയന്റ് ലോഷൻ
സാലിസിലിക് ആസിഡ് അടങ്ങിയ ലോഷനുകൾ താരന്റെ ശല്കങ്ങളെ നീക്കുന്നതിനും സെബത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും സഹായകമാണ്. ശിരോചർമത്തിൽ അധികമായി കാണുന്ന ശല്കങ്ങളെ മാറ്റുകയും ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും ചെയ്യുന്നു.
മാനസികസമ്മർദം കുറയ്ക്കുക
മാനസിക സമ്മർദം കാരണം താരൻ കൂടുകയോ തീവ്രമായ അവസ്ഥയിലേക്ക് മാറുകയോ ചെയ്യുന്നതായി കണ്ടുവരുന്നു. അതിന് പിന്നിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ്.
സമീകൃതാഹാരം
ആഹാരക്രമം താരനെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പഠനങ്ങൾ വ്യത്യസ്തമായ സൂചനകളാണ് നൽകുന്നത്. ചില പഠനങ്ങൾ, താരനും ആഹാരക്രമവുമായി ബന്ധമില്ല എന്ന് പറയുന്നു.
ചില പഠനങ്ങൾ ആന്റി ഓക്‌സിഡന്റ് വളരെയധികമുള്ള ഭക്ഷണം താരനെ കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.