പാർശ്വഫലങ്ങൾ ഇല്ലാത്ത കിടിലൻ ഡൈ വീട്ടിലുണ്ടാക്കാം; മുടി കറുക്കുന്നതിനൊപ്പം താരനും പോകും

 

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഹെയർ ഡൈ ആണ് നര മറയ്ക്കാനായി ഉപയോഗിക്കുന്നത്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെ ആശ്രയിക്കാതെ തികച്ചും നാച്വറലായ രീതിയിൽ മുടി കറുപ്പിക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഉണക്കനെല്ലിക്കയും നീലയമരിയുമൊക്കെ ചേർത്ത് വീട്ടിൽ തന്നെ ഹെയർ ഡൈ ഉണ്ടാക്കാം.


ആവശ്യമായ സാധനങ്ങൾ

ഉണക്കനെല്ലിക്ക

നീലയമരി

തേയില വെള്ളം

ചിരട്ടക്കരി

ചെറുനാരങ്ങ

ഉപ്പ്

തയ്യാറാക്കുന്ന വിധം

ഉണക്ക നെല്ലിക്ക നന്നായി ചൂടാക്കിയെടുക്കുക. ചൂടാറിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇനി നാല് സ്പൂൺ ഉണക്ക നെല്ലിക്കപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ നീലയമരി, അരടീസ്പൂൺ ചിരട്ടക്കരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചൂടാറിയ തേയിലവെള്ളം ചേർത്തുകൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്‌പൂൺ ചെറുനാരങ്ങ നീര് കൂടി ചേർത്തുകൊടുക്കണം.ഒരുനുള്ള് ഉപ്പുകൂടി ചേർത്തുകൊടുക്കുക. ഇരുമ്പ് ചീനച്ചട്ടിയിൽ രാത്രി മുഴുവൻ സൂക്ഷിക്കുക.

പിറ്റേന്ന് തലയിൽ തേച്ചുകൊടുക്കാം.അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ തേച്ചുകൊടുക്കുക. കുറച്ച് നാൾ ഇങ്ങനെ ചെയ്യുമ്പോഴേക്ക് നരയൊക്കെ അപ്രത്യക്ഷമാകും. നര വരുന്നത് തടയുകയും ചെയ്യും. മാത്രമല്ല താരനും തുരത്തും.