കൊതുക് കടിച്ചാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്; കാരണം ഇതാണ്

 

നമ്മുടെ ചോര ഊറ്റിക്കുടിക്കുന്ന കൊതുക് മിക്കവരുടെയും ശത്രുവാണ്. കൊതുക് പരത്തുന്ന രോഗങ്ങൾ അവിടെ നിൽക്കട്ടെ, രോഗങ്ങളൊന്നും പരത്തില്ലെങ്കിൽ പോലും കൊതുക് കടിയും അതുണ്ടാക്കുന്ന അസ്വസ്ഥതകളും അസഹിനീയമാണ്.

ചൊറിച്ചിൽ
കൊതുക് കടിച്ചാൽ മിക്കവരും ആദ്യം ചെയ്യുന്ന കാര്യം കടിച്ച സ്ഥലം ചൊറിയുകയാണ്. കാരണം കൊതുക് കടിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കൊതുക് നമ്മുടെ ശരീരത്തിൽ അതിന്റെ കൊമ്പ് പോലുള്ള ചോര വലിച്ചെടുക്കുന്ന ഭാഗം കുത്തിയിറക്കുമ്പോൾ അതിന്റെ ഉമിനീർ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ആ ഉമിനീരിൽ രക്തം കട്ട പിടാക്കാതെ ഇരിക്കാനുള്ള പദാർത്ഥവും ഉണ്ട്. അങ്ങനെയാണ് കൊതുക് വയറുനിറയെ ചോര കുടിച്ച് വീർക്കുന്നത്. കൊതുകിന്റെ ഉമിനീരിലുള്ള വിഷാംശങ്ങൾ കാരണമാണ് കടിയേൽക്കുന്ന ആളുകൾക്ക് ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നത്.

ശരീരത്തിന്റെ പ്രതിരോധം
കൊതുകിന്റെ ഉമിനീർ ശരീരത്തിലെത്തുമ്പോൾ മനുഷ്യശരീരവും അതിനെതിരെ പ്രതിരോധിക്കാറുണ്ട്. ഹിസ്റ്റമിനുകളും ലൂകോട്രിയെൻസുകളും പുറപ്പെടുവിച്ചുകൊണ്ടാണിത്. എന്നാൽ ഓരോ ആളുകളിലും ഈ പ്രതിരോധ പ്രവർത്തനം വ്യത്യാസപ്പെടാം. മാത്രമല്ല ഓരോ കൊതുക് വർഗ്ഗത്തിനനുസരിച്ചും ശരീരത്തിന്റെ പ്രതിരോധം മാറാം. അതുകൊണ്ടാണ് ചിലയാളുകൾക്ക് കൊതുക് കടിച്ചാൽ കൂടുതൽ ചൊറിച്ചിൽ തോന്നുന്നതും മറ്റുചിലർക്ക് കടിച്ച സ്ഥലം തടിച്ച് വീർക്കുന്നതും തൊലി പൊട്ടുന്നതുമെല്ലാം. സാധാരണഗതിയിൽ കൊതുക് കടിക്കുമ്പോൾ മിക്കവർക്കും ചെറിയൊരു ചൊറിച്ചിലും തടിപ്പും മാത്രമേ ഉണ്ടാകാറുള്ളു.

എന്തായാലും കൊതുക് കടിച്ചാൽ നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. അത് എന്താണെന്ന് നോക്കാം.

കൊതുക് കടിച്ച് എത്ര അസഹിനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടാലും തൊലി ചൊറിഞ്ഞ് പൊട്ടിക്കരുതെന്ന് ആരോഗ്യവിദഗ്ധർ ഒറ്റ സ്വരത്തിൽ പറയുന്നു. കാരണം, നമ്മുടെ ശരീരത്തിലും തൊലിയിലും നമുക്ക് കാണാനാകാത്ത അനേകായിരം വ്യത്യസ്ത തരം ബാക്ടീരിയകൾ ജീവിക്കുന്നുണ്ട്. സ്റ്റെഫൈലോകോക്കസ്, സ്ട്രെപ്ടോകോക്കസ് എന്നിവ ഉദാഹരണങ്ങളാണ്. ശരീരത്തിന് പുറത്ത് അവ വസിക്കുന്നത് കൊണ്ട് സാധാരണഗതിയിൽ പ്രശ്നങ്ങളൊന്നുമില്ല.

പക്ഷേ നമ്മുടെ ചൊറിച്ചിൽ കാരണമോ അല്ലാതെയോ തൊലി പൊട്ടി ഒരു മുറിവുണ്ടായാൽ, ഈ ബാക്ടീരിയകൾക്ക് ശരീരത്തികത്തേക്ക് കയറാനുള്ള വാതിൽ തുറക്കപ്പെടുന്നു. ആ ഒരു ചെറിയ മുറിവ് ശരീരത്തിൽ അണുബാധയുണ്ടാക്കാം. സെല്ലുലൈറ്റിസ്, ഇംപെറ്റിഗോ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം അണുബാധകൾ തൊലിയിൽ ചുവപ്പും തടിപ്പും നീരും ഉണ്ടാക്കും. കൊതുക് കടിച്ച് ചൊറിഞ്ഞതിന് ശേഷം അവിടെ ചുവന്ന്തടിക്കുന്നത് ഇതുകൊണ്ടാണ്. ചിലപ്പോൾ ഈ മുറിവിൽ നിന്നും വെള്ളമൊലിക്കുകയും ചെയ്യാം. സാധാരണഗതിയിൽ ഇത് രണ്ട് ദിവസം കഴിഞ്ഞാൽ ഉണങ്ങിപ്പോകും. ചിലയാലുകളിൽ ആന്റിബയോട്ടിക്സുകൾ കൊണ്ടേ ഇവ മാറുകയുള്ളു. എന്നാൽ വളരെ അപൂർവ്വമായി ഇവ സെപ്സിസ്, നെക്രോട്ടൈസിംഗ് ഫസിറ്റിസ് പോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

കൊതുക് കടിച്ചാൽ ചൊറിഞ്ഞ് പൊട്ടിക്കരുത് എന്ന് പറയാനുള്ള മറ്റൊരു കാരണം, ചൊറിയുന്നതിനനുസരിച്ച് ശരീരം കൂടുതൽ ഹിസ്റ്റമിൻ കോശങ്ങൾ പുറപ്പെടുവിക്കും. അവ കൂടുതൽ ചൊറിച്ചിലിന് കാരണമാകും. ചൊറിയുമ്പോൾ നേരിയ വേദനയുടെ സിഗ്‌നലാണ് തലച്ചോറിലേക്ക് പോകുന്നത്. തൽഫലമായി സെറോടോണിൻ പുറപ്പെടുവിക്കപ്പെടുന്നു. ഇതും ചൊറിച്ചിലിന് കാരണമാകും.

കൊതുകുകടിയെ നേരിടാം
കൊതുകടിച്ചാൽ ചൊറിയാതെ പിന്നെയെന്ത് ചെയ്യുമെന്നല്ലേ ചിന്തിക്കുന്നത്. അതിന് ചില വഴികളുണ്ട്. കൊതുക് കടിച്ചാൽ കഴിയുമെങ്കിൽ ഉടൻ തന്നെ ആ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകുക. കടിച്ച ഭാഗത്തെ ബാക്ടീരികളെ നീക്കം ചെയ്യാൻ അതിലൂടെ സാധിക്കും. കൊതുക് കടിക്കുമ്പോൾ വളരെ സൂക്ഷ്മമായ മുറിവാണ് ശരീരത്തിലുണ്ടാകുന്നത്. അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അവിടുത്തെ രോഗാണുക്കൾ ശരീരത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാതെ തടയും.

ചൊറിച്ചിൽ മാറുന്നതിനായി കടിച്ച ഭാഗത്ത് ഐസ് വെക്കാം. തൊലിയിലെ ചൊറിച്ചിലും ചുവന്ന് തടിക്കുന്നതും വേദനയുമെല്ലാം അകറ്റാൻ ഐസ് വെക്കുന്നത് നല്ലതാണ്. ഇനിയും ചൊറിച്ചിൽ മാറുന്നില്ലെങ്കിൽ ചൊറിച്ചിൽ മാറ്റുന്ന ലേപനം പുരട്ടാം. കലാമിൻ ലോഷൻ അല്ലെങ്കിൽ ഹൈഡ്രോകോർട്ടിസോൺ പോലുള്ള ലേപനങ്ങൾ ഹിസ്റ്റമിൻ കൊണ്ടുള്ള ചൊറിച്ചിൽ ഇല്ലാതാക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)