ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും; അറിഞ്ഞിരിക്കാം

 

മരണ ശേഷമുള്ള അവയവദാനത്തെ കുറിച്ചാണ് കേട്ടിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴും നമുക്ക് നമ്മുടെ അവയവങ്ങള്‍ ദാനം ചെയ്യാനാകും. ഏതൊക്കെ അവയവങ്ങളാണ് അങ്ങനെ ദാനം ചെയ്യാന്‍ ആകുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

കരള്‍

നമുക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാനം ചെയ്യാന്‍ കഴിയുന്ന ഒരു അവയവമാണ് കരള്‍. കരളിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ കുറച്ചുഭാഗം നഷ്ടപ്പെട്ടാലും വീണ്ടും പഴയ സ്ഥിതിയിലാകാന്‍ കഴിയും എന്നതാണ്. അതുകൊണ്ടുതന്നെ കരള്‍ ദാനം ചെയ്തു കഴിഞ്ഞാല്‍ വീണ്ടും നിങ്ങളുടെ കരള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചേരും.

വൃക്ക

മറ്റൊരവയവം വൃക്കയാണ്. സര്‍വ്വസാധാരണയായി നടക്കുന്ന അവയവദാനമാണ് വൃക്ക ദാനം. ഒരു വ്യക്തിക്ക് രണ്ടു വൃക്കകള്‍ ആണുള്ളത് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ക്ക് ആരോഗ്യമായി ജീവിക്കാന്‍ ഒരു വൃക്ക തന്നെ ധാരാളമാണ്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് അയാളുടെ വൃക്ക ദാനം ചെയ്യാനാവും.

ശ്വാസകോശം

അടുത്തത് ശ്വാസകോശമാണ് . ശ്വാസകോശം ദാനം ചെയ്യുക എന്ന് പറയുമ്പോള്‍ ശ്വാസകോശം മുഴുവനായും ദാനം ചെയ്യുകയല്ല പകരം ശ്വാസകോശത്തിന്റെ ഒരംശം മാത്രമാണ് ദാനം ചെയ്യുന്നത്. കരള്‍ പോലെ ശ്വാസകോശം വീണ്ടും പൂര്‍വസ്ഥിതിയില്‍ എത്തില്ല. ശ്വാസകോശത്തിന്റെ ഒരംശം ദാനം ചെയ്തു കഴിഞ്ഞാലും ദാനം ചെയ്യുന്ന ആളിന് പഴയതുപോലെതന്നെ ആരോഗ്യവാനായി ജീവിക്കാനാകും.

പാന്‍ക്രിയാസ്

പാന്‍ക്രിയാസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാനം ചെയ്യാനാവുന്ന അവയവമാണ്. പാന്‍ക്രിയാസിന്റെ ഒരു ഭാഗം മാത്രമായിരിക്കും ദാനം ചെയ്യുന്നത്. സാധാരണയായി പാന്‍ക്രിയാസിന്റെ വാലുപോലുള്ള ഭാഗമാണ് ദാനം ചെയ്യുന്നത്. ഇത് വളരെ വിരളമായി മാത്രമേ ചെയ്യാറുള്ളൂ.

ചെറുകുടൽ

അതുപോലെ വളരെ വിരളമായി ചെയ്യുന്ന മറ്റൊരു അവയവദാനമാണ് ചെറുകുടലിന്റേത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ അവയവം ദാനം ചെയ്യുന്നതിലൂടെ കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ കുറഞ്ഞ കാലയളവില്‍ തന്നെ അവയവം ആവശ്യമുള്ളവര്‍ക്ക് അവയവം ലഭിക്കുന്നു എന്നതാണ്.