'അധികമായാൽ അമൃതും വിഷം'; അമിതഭക്ഷണം ആരോഗ്യത്തിനു ഹാനികരം
അമിതമായ ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കും. ശരീരത്തിന് ആവശ്യമായ രീതിയിൽ ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ നാം ശീലിക്കണം. മുതിർന്നവർ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും വേണം. അല്ലെങ്കിൽ അതു മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ ആരോഗ്യപ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും. നല്ല ആഹാരം എന്നത് ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്.
ശരിയായതോതിൽ അന്നജവും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
അന്നജം ...50-60 ശതമാനം
മാംസ്യം ...20 ശതമാനം
കൊഴുപ്പ് ....20-30 ശതമാനം.
അന്നജത്തിൽ നിന്നാണ് ഊർജം ലഭിക്കുന്നത്. ധാന്യം, കിഴങ്ങ്, പഴങ്ങൾ പച്ചക്കറികൾ എന്നിവയിൽ അന്നജം ധാരാളമായി അടങ്ങിയിരിക്കുന്നു. അരി, ഗോതന്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക. നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തണം.
മാംസ്യം പേശികളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. മുട്ടയുടെ വെള്ള, മത്സ്യം, മാംസം, പാൽ, പയറുവർഗങ്ങൾ എന്നിവയിൽ മാംസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് മതിയായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നല്ല കൊഴുപ്പും (അപൂരിതം) ചീത്ത കൊഴുപ്പും (പൂരിതം) ഉണ്ട് . നട്സ്, കപ്പലണ്ടി, മത്സ്യം എന്നിവയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ ധാരാളം കഴിക്കുക. ചുവന്ന മാംസം ഒഴിവാക്കുക (മട്ടണ്, ബീഫ്). പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ഇതെല്ലാം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഇവ ശ്രദ്ധിക്കൂ
സമീകൃത ആഹാരം കഴിക്കാൻ ശീലിക്കുക. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ തീർത്തും പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അന്നജവും കൊഴുപ്പും കുറയ്ക്കണം. ദിവസവും വ്യായാമം ചെയ്യുക. അരകെട്ടിന്റെ വണ്ണം കൂടാതെ നോക്കുക. ഉദര ചുറ്റളവ് മുതിർന്ന ആണുങ്ങൾക്ക് 90 സെ.മീ. താഴയും പെണ്ണുങ്ങൾക്ക് 80 സെ.മീ. താഴയും ആയിരിക്കുന്നത് ഉചിതം.
സുരക്ഷിത ഭക്ഷണം
വീട്ടിൽ പാകം ചെയ്ത ആഹാരപദാർഥങ്ങൾ മാത്രം കഴിക്കുക. തദ്ദേശീയവും അതത് സീസണിൽ ലഭ്യവുമായ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രാസവസ്തുക്കളും മാലിന്യവും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ തീർത്തും ഒഴിവാക്കാൻ ശ്രദ്ധിക്കുക. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കരുത്. വനസ്പതിയും ഒരിക്കൽ പാചകത്തിന് വേണ്ടി ഉപയോഗിച്ച എണ്ണയും ഉപയോഗിക്കാതിരിക്കരുത്. വൃത്തിഹീനമായ സ്ഥലത്തു നിന്ന് ആഹാരം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.