ഉച്ചയ്ക്ക് നല്ല ദമ്മിട്ട ചെമ്മീൻ ബിരിയാണി ആയാലോ?; എളുപ്പം തയാറാക്കാം 

 

അധികം കഷ്ടപ്പെടാതെ കിടിലൻ ചെമ്മീൻ ബിരിയാണി തയാറാക്കാം.

ചേരുവകൾ
വലിയ ചെമ്മീൻ- അരക്കിലോ
മല്ലിയില -രണ്ട് പിടി
പുതിയനില -ഒരു പിടി
കശുവണ്ടിപ്പരിപ്പ്- 15 എണ്ണം
ഉണക്ക മുന്തിരി- 15 എണ്ണം
കറുവപ്പട്ട - 5 കഷ്ണം
ഏലക്ക- 15 എണ്ണം
താക്കോലം- ഒന്ന്
ഗ്രാമ്പു- ഒന്നര സ്പൂൺ
ജാതി പത്രി - ഒരു കഷ്ണം
കുരുമുളക് പൊടി - അര സ്പൂണ്
തൈര് -കാൽ കപ്പ്
മഞ്ഞൾപൊടി- അര സ്പൂണ്
മുളകുപൊടി - ഒരു സ്പൂണ്
നെയ്യ് - പാകത്തിന്
ഉപ്പ്- ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
സവാള- അരക്കിലോ
ഇഞ്ചി- രണ്ട് കഷ്ണം
പച്ചമുളക്- മൂന്ന് നാലെണ്ണം
വെളുത്തുള്ളി- ഒരു പിടി

തയാറാക്കുന്ന വിധം
ആദ്യം തന്നെ ചെമ്മീൻ വൃത്തിയാക്കിയതിന് ശേഷം അതിലേക്ക് അൽപം മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി ഉപ്പു എന്നിവ പുരട്ടി അരമണിക്കൂർ നേരം മസാല പിടിക്കാൻ മാറ്റി വെക്കുക. പിന്നീട് അൽപം സവാള എടുത്ത് നല്ലതുപോലെ കനം കുറച്ച് അരിഞ്ഞതിന് ശേഷം ഇത് എണ്ണയിൽ വറുത്ത് കോരി മാറ്റി വെക്കുക. പിന്നീട് ഇതേ നെയ്യിൽ തന്നെ അൽപം അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഇതും മാറ്റി വെക്കേണ്ടതാണ്.

പിന്നീട് ഈ എണ്ണയിൽ ചെമ്മീൻ വറുത്തുകോരി വെക്കുക. മൂന്ന് പട്ട, ഏലക്ക , ഗ്രാമ്പു, കുരുമുളക്, പെരുംജീരകം എന്നിവ ചെറു ചൂടിൽ റോസ്റ്റ് ചെയ്ത് വെക്കണം. ഇതെല്ലാം നല്ലതുപോലെ പൊടിച്ചെടുക്കേണ്ടതാണ്. പിന്നീട് അൽപം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് തയ്യാറാക്കുക. പിന്നീട് അരി കഴുകി 20 മിനിറ്റ് കുതിർത്ത് കഴിഞ്ഞ് ഇത് കോരി വെക്കണം. പിന്നീട് ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്സ് ചെയ്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് സവാള അരിഞ്ഞതും ചേർത്ത് വഴറ്റിയെടുത്തു തക്കാളിയും ചേര്ക്കണം.

പിന്നീട് ഈ മസാല നല്ലതുപോലെ വേവിച്ച് കഴിഞ്ഞ് ഇതിലേക്ക് വറുത്ത ചെമ്മീൻ ചേർക്കാം. പിന്നീട് ഒരു പിടി മല്ലിയിലയും, പൊടിച്ചു വെച്ച ബിരിയാണി മസാലയും 2 സ്പൂണ്, വറുത്തു വെച്ച സവാളയിൽ നിന്നു ഒരു പിടി കൈക്കൊണ്ടു പൊടിച്ചു ചേർത്തു നല്ലപോലെ ഇളക്കി ഗ്രേവി നല്ലപോലെ ഉണ്ടെങ്കിൽ തീ കൂട്ടി ഒന്നു കുറുക്കി എടുക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് നമുക്ക് ചോറ് തയ്യാറാക്കാം.

അതിനായി ഒരു കപ്പ് അരിയ്ക്കു ഒന്നര കപ്പ് വെള്ളം എന്ന തോതിൽ എടുക്കുക. ഒരു പാത്രത്തിൽ ഏഴര കപ്പ് വെള്ളം എടുത്തു അതിൽ ഒന്നര സ്പൂണ് നെയ്യ് , ഉപ്പ്, 2 ഏലക്ക, ഒരു കഷ്ണം പട്ട, 3 ഗ്രാമ്പു, ഒരു താക്കോലം ഒരു നുള്ളു പെരുംജീരകം , ഒരു സ്പൂണ് ചെറുനാരങ്ങാ നീര് എന്നിവ ചേർത്തു നല്ലപോലെ ചേർത്ത് അടച്ച് വെച്ച് വേവിച്ചെടുക്കണം. ഇടയ്ക്കു ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. 10 , 12 മിനിറ്റ് കൊണ്ട് ചോറു റെഡി ആകും. തീ ഓഫ് ചെയ്ത് അങ്ങനെ അടച്ച് വെക്കാം.

ദം തയാറാക്കാം
ദം തയാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് നെയ്യ് പുരട്ടി തക്കാളി വട്ടത്തിൽ അരിഞ്ഞ് വെക്കണം. പിന്നീട് ആദ്യം അൽപം ചോറ് ഇട്ട് ഇതിന് മുകളിൽ സവാള വറുത്തതും മൂന്നാലു അണ്ടിപ്പരിപ്പ് മുന്തിരി,മല്ലിയില പിന്നെ അല്പം നെയ്യ് എന്നിവ തൂവി ചെമ്മീൻ മസാല ചേർക്കം. ശേഷം ആദ്യം ചെയ്തത് പോലെ തന്നെ ചോറിട്ട് വീണ്ടും അതേ സ്റ്റെപ് ആവർത്തിക്കുക. എല്ലാം കഴിഞ്ഞ ശേഷം ഒരു ഫോയിൽ പേപ്പർ കൊണ്ടു അടച്ചു വെക്കുക. എന്നിട്ട് പത്രത്തിന്റെ അടപ്പ് കൊണ്ട് നല്ലതുപോലെ മുറുക്കി അടച്ച് വെക്കണം. പിന്നീട് ഇരുമ്പിന്റെ ചപ്പാത്തി തവ അടുപ്പിൽ വെച്ചു ചൂടാക്കി ഈ പാത്രം അതിനു മുകളിൽ വെയ്ക്കുക. ആദ്യത്തെ 5 മിനിറ്റ് തീ കൂട്ടി വെച്ചും, ശേഷം ചെറുതീയിൽ 20 മിനിറ്റു ദം ചെയ്ത് എടുക്കുക. ചെമ്മീൻ ബിരിയാണി റെഡി.