പാമ്പു ശല്യം ഒഴിവാക്കണോ?; എടുക്കാം ചില മുൻകരുതലുകൾ

 

ഏറ്റവും ഭീതിയോടെ കാണുന്ന ഒന്നാണ് പാമ്പുകള്‍. ചില നേരങ്ങളില്‍ കയര്‍ കണ്ടാല്‍ പോലും നാം പാമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍. കേരളം പാമ്പുകള്‍ കുറച്ച് അധികമായുള്ള സ്ഥലം തന്നെ.

മൂര്‍ഖന്‍, അണലി തുടങ്ങി കൊടും വിഷമേറിയവ മുതല്‍ കാര്യമായ വിഷമില്ലാത്ത നീര്‍ക്കോലി വരെ ഇക്കൂട്ടത്തിലൂണ്ട്. വീട്ടില്‍ പാമ്പു വന്നാല്‍ വെളുത്തുള്ളി ചതച്ചിടുക, മണ്ണെണ്ണ ഒഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതിവിധിയായി പലരും ചെയ്യുന്നത്. എന്നാല്‍, പാമ്പു വരാതിരിക്കാനായി മുന്‍കരുതലെടുക്കുകയാണ് ആദ്യം വേണ്ടത്.

പാമ്പു വരാതിരിക്കാന്‍ മുന്‍കൂര്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. വീടിന്റെ പരിസരത്ത് ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളില്‍ പാഴ് ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിക്കളയുക. എലികള്‍ മാളം തുരന്നിട്ടുണ്ടെങ്കില്‍ അത് മൂടുക. പാമ്പ് വരാത്ത തരത്തിലുള്ള മതില്‍, വേലി എന്നിവ വീട്ടില്‍ നിര്‍മ്മിക്കുക. ചാക്ക്, തടി തുടങ്ങിയ പാഴ് വസ്തുക്കള്‍ വീട്ടില്‍ കൂട്ടിയിടാതിരിക്കുക. ഭക്ഷ്യ അവശിഷ്ടങ്ങള്‍ കഴിവതും പുറത്ത് കളയാതിരിക്കുക. ഒരുപക്ഷേ ഇത് തേടിയും പാമ്പുകളെത്താം.

വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിടുന്ന ഭാഗങ്ങളില്‍ പ്രാണികളെ തുരത്തുന്ന ഗുളികകള്‍ ഉപയോഗിക്കണം. പാമ്പ് ശല്യം ഏറെയുണ്ടെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ സള്‍ഫര്‍ പൊടി വിതറുക. ഇത് പാമ്പിനെ തുരത്തും. സ്റ്റോര്‍ റൂം പോലുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി മുറിച്ച് അല്ലികള്‍ ഇടുന്നത് നല്ലതായിരിക്കും. ഇത്തരം മുറികളില്‍ ചെറിയ സുഷിരമോ വിള്ളലോ ഉണ്ടെങ്കില്‍ അതും എത്രയും വേഗം അടയ്ക്കാന്‍ ശ്രമിക്കണം.