എസിയിൽ നിന്ന് തീ പടരാൻ കാരണം ദാ ഇവയാണ്; ഒഴിവാക്കാൻ ഒന്ന് ശ്രദ്ധിച്ചാൽ മതി

 

എസിയിൽ നിന്ന് തീ പടർന്ന് പുക ശ്വസിച്ചോ, പൊള്ളലേറ്റോ ആളുകൾ മരിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണ്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ എസി ഓൺ ചെയ്ത് ഉറങ്ങുന്നവർ ഒരിക്കലും അതിൽ നിന്നും തീ പടരാനുള്ള സാധ്യത ചിന്തിക്കാറില്ല. പലർക്കും അതെക്കുറിച്ച് അറിയുകയും ഇല്ല. അതുകൊണ്ടുതന്നെ യാതൊരു വിധ മുൻകരുതലുകളും ഇല്ലാതെയാണ് ആളുകൾ എസി ഉപയോഗിക്കുന്നത്.

അസഹിനീയമായ ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിക്ക വീടുകളിലും ഇന്ന് എസി ഉണ്ട്. രാത്രിയിൽ ഉറങ്ങുമ്പോഴാണ് മിക്കവരും എസി ഉപയോഗിക്കുന്നതും. ഈ സാഹചര്യത്തിൽ അപകടസാധ്യതകൾ ഒഴിവാക്കാൻ എങ്ങനെയാണ് എസിയിൽ നിന്ന് തീ പടരുന്നതെന്നും അതിനെതിരെ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇലക്ട്രിക്കൽ തകരാറുകൾ
വയറിംഗിലെ പ്രശ്നം: ശരിയല്ലാത്തതും, കാലപ്പഴക്കമുള്ളതുമായ വയറിംഗ് ഷോർട്ട്സർക്ക്യൂട്ട് ഉണ്ടാക്കുകയും അതിൽ നിന്ന് സ്പാർക്കുകളും തീപിടിത്തവും ഉണ്ടാകുകയും ചെയ്യാം. വയറുകൾ കാലപ്പഴക്കം കൊണ്ട് ദ്രവിക്കുകയോ തുരുമ്പിക്കുകയോ ചെയ്താൽ ഇലക്ട്രിക്കൽ തകരാറുകൾ ഉണ്ടാകാം.

ഓവർലോഡഡ് സർക്യൂട്ട്: ഓവർലോഡ് ആയ സർക്യൂട്ടിലേക്ക് എസി പ്ലഗ്ഗ് ചെയ്യുന്നതും അപകടകരമാണ്. ഇതുമൂലം ആ സർക്യൂട്ടിൽ കൂടുതൽ വൈദ്യുതി ഒഴുകുകയും ചൂടുകൂടി തീപിടിത്തം ഉണ്ടാകുകയും ചെയ്യാം. പഴയ കെട്ടിടങ്ങളിൽ ഇത് സാധാരണമാണ്.

കപ്പാസിറ്റർ തകരാറ്: കപ്പാസിറ്ററിന്റെയും ഫാൻ മോട്ടറിന്റെയും സഹായത്തോടെയാണ് എസി ഓൺ ആകുന്നത്. അത് കേടുവന്നാൽ അമിതമായി ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകും.

അറ്റക്കുറ്റപ്പണി ചെയ്യാത്തത്
കോയിലുകളും ഫിൽറ്ററുകളും ചെളിപിടിക്കുന്നത്: എസിയുടെ ഫിൽറ്ററുകളിലും കോയിലുകളിലും അഴുക്കും പൊടിയും പറ്റിപ്പിടിച്ചാൽ എസി യൂണിറ്റ് അമിതമായി ചൂടാകും. അമിതമായി ചൂടാകുന്നത് തീപിടിത്തത്തിന് കാരണമാകും. കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കുന്നത് ശരിയായ വായുസഞ്ചാരവും കൂളിംഗും ഉറപ്പ് നൽകും.

വെള്ളം കെട്ടിക്കിടക്കുന്നത്: എസിയിൽ നിന്നും വെള്ളം പോകാനുള്ള വഴികളിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ വെള്ളം എസിയിൽ കെട്ടിക്കിടക്കുകയും ഓവർഫ്ളോ ആകുകയും ചെയ്യും. ഇത് ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകും.

റെഫ്രിജന്റിലെ ലീക്ക്: എസിയിൽ ഉപയോഗിക്കുന്ന റെഫ്രിജന്റുകൾ തീപിടിത്തത്തിന് കാരണമാകാം. അശ്രദ്ധമായ ഉപയോഗവും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതും തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാക്കാം.

രാസപ്രവർത്തനം: ചില റെഫ്രിജന്റുകൾ മറ്റ വസ്തുക്കളുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം നടക്കുകയും തത്ഫലമായി തീപിടിത്തം ഉണ്ടാകുകയും ചെയ്യാം.

ഓവർഹീറ്റിംഗ്
നിരന്തരമായ ഉപയോഗം: ഇടവേളയില്ലാതെ എസി പ്രവർത്തിപ്പിക്കുന്നത് ഓവർഹീറ്റ് ആകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തീപിടിത്തത്തിന് കാരണമാകാം. അതിനൊപ്പം ഫിൽറ്ററുകൾ വൃത്തിയാക്കാത്തത് പോലുള്ള കാരണങ്ങൾ കൂടി വന്നാൽ അപകടസാധ്യത വർധിക്കും.

വെന്റുകൾ ബ്ലോക്ക്:എസി വെന്റുകൾ ബ്ലോക്ക് ആയാൽ വായുസഞ്ചാരം കുറഞ്ഞ് ഓവർഹീറ്റിംഗ് നടക്കാം. എസിയുടെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുക.

നിർമ്മാണത്തിലെ തകരാറ്
കംപ്രസ്സറുകൾ, ഫാനുകൾ, കപ്പാസിറ്ററിന്റെ പ്രശ്നം തുടങ്ങി എസിയുടെ നിർമ്മാണത്തിലെ തകരാറുകൾ തീപിടിത്തത്തിനും പൊട്ടിത്തെറിക്കും കാരണമാകാം. ഇത് ഒഴിവാക്കാൻ വിശ്വസ്തതയുള്ള നല്ല ബ്രാൻഡുകളുടെ എസി വാങ്ങാൻ ശ്രമിക്കുക. ഇത് ശരിയായി സ്ഥാപിക്കാനും ശ്രദ്ധിക്കുക.

നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇലക്ട്രിക്കൽ അപകടസാധ്യത വർധിക്കും. ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നോക്കി എസി വാങ്ങാൻ ശ്രമിക്കുക.

  • തീപിടിത്തം ഒഴിവാക്കാം

കൃത്യമായി അറ്റകുറ്റപ്പണികൾ 
കൃത്യമായ ഇടവേളകളിൽ എസി ടെക്നീഷ്യന്മാരെ കൊണ്ട് എസി പരിശോധിപ്പിക്കുകയും പ്രവർത്തനം വിലയിരുത്തിപ്പിക്കുകയും ചെയ്യുക. അപകടസാധ്യതകൾ കണ്ടെത്താനും കൃത്യസമയത്ത് അവ പരിഹരിക്കാനും ഇതിലൂടെ സാധിക്കും.

ഫിൽറ്ററുകളും കോയിലുകളും പൊടിയും അഴുക്കും കളയാൻ അടിക്കടി വൃത്തിയാക്കുക. ആവശ്യം വന്നാൽ എയർ ഫിൽറ്ററുകൾ മാറ്റി കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുക.

വയറിംഗും ഇലക്ട്രിക്കൽ സുരക്ഷയും 
വിദഗ്ധനായ ഇലക്ട്രീഷനെ കൊണ്ട് എസി സ്ഥാപിപ്പിക്കുക. എസി സ്ഥാപിക്കുന്ന സർക്യൂട്ടിന് എസിക്ക് ആവശ്യമായ വൈദ്യതപ്രവാഹം താങ്ങാനാകുമെന്ന് ഉറപ്പാക്കുക. പഴയ വീടുകളിൽ ആവശ്യമെങ്കിൽ വയറിംഗ് മാറ്റുക.

അടിക്കടി വയറിംഗ് സുരക്ഷ പരിശോധിക്കുക. തകരാറുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പരിഹരിക്കുക.

റെഫ്രിജന്റുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
എസിയിലെ റെഫ്രിജന്റുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കൃത്യമായ പരിചരണവും ഉപയോഗവും ലീക്കുകൾ ഇല്ലാതിരിക്കാനും അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.

എസി ലീക്ക് ആകുന്നുണ്ടോയെന്ന് അടിക്കടി പരിശോധിക്കണം. ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം.

ഉപയോഗം നിയന്ത്രിക്കുക
നിരന്തരമായി എസി പ്രവർത്തിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഇടവേള ലഭിച്ചെങ്കിലേ എസി ഓവർഹീറ്റാകാതെ, തണുക്കകയുള്ളു. നിയന്ത്രിതവും ശരിയായതുമായ ഉപയോഗം കൂടുതൽ കാലം എസി നിലനിൽക്കാനും അപകടം ഒഴിവാക്കാനും സഹായിക്കും.

എസി വെന്റുകൾ ബ്ലോക്ക് അല്ലെന്ന് ഉറപ്പാക്കുക. നല്ല തണുപ്പ് ലഭിക്കാനും ഓവർഹീറ്റ് ആകാതിരിക്കാനും അത് ആവശ്യമാണ്.

ഗുണനിലവാരം ഉറപ്പാക്കുക
എസി വാങ്ങുമ്പോൾ വിലക്കുറവ് നോക്കാതെ, ഗുണനിലവാരം നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഗുണനിലവാരമുള്ള എസികൾ ശരിയായി ഉപയോഗിച്ചാൽ അപകടസാധ്യത ഉണ്ടാക്കില്ല.

കൃത്യമായ സമയത്ത്, വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ആവശ്യമെങ്കിൽ ഉള്ളിലെ ഉപകരണങ്ങൾ അടക്കം മാറ്റിവാങ്ങുക.