കൂർക്കംവലി കുറയ്ക്കാം, സുഖമായി ഉറങ്ങാം; ‌ഈ ശീലങ്ങളിൽ മാറ്റം വരുത്തൂ

 
പലരും നേരിടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ജീവിതരീതിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ കൂർക്കംവലി കുറയ്ക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും കഴിയും. അതിനായി ഇങ്ങനെ ചെയ്തുനോക്കൂ.
1) നേരെ കിടന്ന് ഉറങ്ങുമ്പോൾ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിൻഭാഗത്തേക്ക് പോകും. ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. ഇതൊഴിവാക്കാനായി വശങ്ങളിലേക്ക് കിടന്നുറങ്ങാൻ ശ്രദ്ധിക്കുക. 
2) ശരീരഭാരം വർദ്ധിക്കുമ്പോൾ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോൾ ശ്വാസനാളത്തിൽ സമ്മർദ്ദമുണ്ടാകും. ഇതും കൂർക്കംവലിക്ക് കാരണമാകും. അതിനാൽ ശരീരഭാരം കുറയ്ക്കുന്നത് കൂർക്കംവലി കുറയ്ക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
3) പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഈ വീക്കം കുറയ്ക്കാനും, ശ്വസനം മെച്ചപ്പെടുത്താനും, കൂർക്കംവലി കുറയ്ക്കാനും കഴിയും.
4) മദ്യം, മയക്കമരുന്ന്, ഉറക്ക ഗുളികകൾ എന്നിവ നിങ്ങളുടെ തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തും, ഇത് കൂർക്കംവലി കൂടാൻ കാരണമാകുകയും ചെയ്യും. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കണം. 
5) ഉറക്കത്തിന് സ്ഥിരമായ ഒരു സമയക്രമം പാലിക്കണം. ഉറങ്ങുന്നതിന് മുമ്പ് അൽപസമയം റിലാക്സ് ചെയ്യുന്നതും, നല്ല ഉറക്കത്തിന് അനുയോജ്യമായി കിടക്കുന്ന ഇടം ഒരുക്കുന്നതുമെല്ലാം ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. 
6) തൊണ്ടയിലെയും നാവിലെയും പേശികളെ ശക്തിപ്പെടുത്തുന്നത് കൂർക്കംവലി കുറയ്ക്കും. പാട്ട് പരിശീലിക്കുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതുമൊക്കെ ഇതിന് സഹായിക്കും. അല്ലെങ്കിൽ തൊണ്ടയ്ക്കുള്ള പ്രത്യേക വ്യായാമങ്ങൾ ചെയ്യാം. 
7) തലയിണകളിൽ അടിയുന്ന പൊടിപടലങ്ങൾ കൂർക്കംവലിക്ക് കാരണമാകാറുണ്ട്. അതിനാൽ ഇനി ഇത്‌ ഒഴിവാക്കാം.
8) വളർത്തുമൃഗങ്ങളെ കട്ടിലിൽ കിടത്തുന്നത് ഒഴിവാക്കുക . 
9) മൂക്കിൽ കാണപ്പെടുന്ന സ്രവങ്ങൾ കട്ടപിടിക്കാനും ഒട്ടിപ്പോകാനും നിർജ്ജലീകരണം ഒരു കാരണമാണ്. ഇതും കൂർക്കം വലി കൂട്ടും. അതുകൊണ്ട് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.