ആണിരോഗം എന്താണ്?; അറിയാം പ്രതിവിധികളെക്കുറിച്ച്

 

ആണിരോഗം ധാരാളം പേരിൽ കണ്ടുവരാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ആണിരോഗം പൊതുവേ രണ്ടുതരമാണ്, കട്ടിയുള്ളതും മൃദുലമായതും. കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിൻറെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിൽ. 

കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത്, നഖത്തിനോടു ചേർന്നു വരുന്നത്, വിരലുകളുടെ പുറം ഭാഗത്തുവരുന്നത് എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്. കാലിൻറെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ അരിമ്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിമ്പാറയാണെങ്കിൽ അവയിൽ അമർത്തിയാൽ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക. എന്നാൽ ആണിയിൽ അമർത്തുമ്പോൾ വേദന തോന്നും. പുറത്തേക്കു വലിച്ചാൽ വേദനയുണ്ടാകില്ല.

ത്വക്കിൻറെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മർദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവർക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല. ഈ ഭാഗങ്ങളിൽ കാണുന്ന  ചില വൈറസുകളുടെ സാന്നിധ്യവും ചിലതരം മുള്ളുകൾ കാലിൽ തറച്ചാൽ ഇതു വരുന്നു എന്നതും, ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളുടെ അനുഭവവും കണക്കിലെടുത്താൽ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങൾ പൂർണമായും ശരിയാണെന്നു തോന്നുന്നില്ല.
 
നന്നായി കുതിർത്ത ശേഷം പരുപരുത്ത വസ്തുക്കൾ കൊണ്ട് ഉരച്ചു കളയാം. താത്കാലികമായി ഇതു മാറിനിൽക്കും. കോൺ റിമൂവൽ പ്ലാസ്റ്ററിൽ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു. ചിലപ്പോൾ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്. ആവണക്കെണ്ണ പുരട്ടുന്നതും കോൺ പ്ലാസ്റ്റർ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല. ഒരു വിദഗ്ധ ഡോക്ടറെ കാണുന്നതാണ് ഉചിതം.