ഭക്ഷണം കഴിച്ചതിനുശേഷം വയറു വീര്‍ക്കുന്ന പ്രശ്നമാണോ?; ഇതിന് പരിഹാരം ഇവിടെയുണ്ട്
ഭക്ഷണം കഴിച്ചതിനു ശേഷം വയറു വീര്‍ക്കുന്നത് ഒരു പ്രശ്‌നമാണ്. ചില ഘട്ടങ്ങളില്‍ ഇത് ശ്വാസതടസ്സത്തിന് പോലും കാരണമായേക്കും. ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീര്‍ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിക്കുന്നില്ല എന്നാണ്. വയറു വീര്‍ക്കുന്ന പ്രശ്നത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനായി ചില നുറുങ്ങുകള്‍ നിങ്ങള്‍ക്ക് പിന്തുടരാം. വയറ് വീര്‍ക്കുന്നത് തടയാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.
വയര്‍ വീര്‍ക്കുന്ന പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍
ഭക്ഷണം തിടുക്കത്തില്‍ കഴിക്കരുത്
വയര്‍ വീര്‍ക്കുന്ന പ്രശ്നമുള്ളവര്‍ തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പതിയെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ആമാശയത്തിലെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും വയറ് വീര്‍ക്കുന്നതില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.
സമ്മര്‍ദ്ദം ഒഴിവാക്കുക
ആമാശയത്തിലെ അസിഡിറ്റിക്ക് കാരണങ്ങളിലൊന്നാണ് സമ്മര്‍ദം. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറു വീര്‍ക്കുന്നതിന് ഇത് കാരണമാകും. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശ്വസന വ്യായാമങ്ങള്‍, ധ്യാനം, മറ്റ് വ്യായാമങ്ങള്‍ എന്നിവ ശീലിക്കുക.
ആയുര്‍വേദ വഴി
ഭക്ഷണം കഴിച്ചയുടന്‍ തന്നെ വയറുവീര്‍പ്പ്, അസിഡിറ്റി എന്നിവയുടെ പ്രശ്‌നം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആയുര്‍വേദ പ്രതിവിധികളും പരീക്ഷിക്കാം. ഇഞ്ചി, കുരുമുളക് തുടങ്ങിയവ ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് കുടല്‍ വീര്‍ക്കുന്നതില്‍ നിന്ന് ആശ്വാസം നല്‍കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിങ്ങളെ സഹായിക്കും. പുളിച്ചു തികട്ടല്‍, പ്രമേഹം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര എന്നിവ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ ദഹനത്തെ സഹായിക്കുകയും ഗ്യാസ് നീക്കുകയും ചെയ്യുന്നു. ചമോമൈല്‍, കര്‍പ്പൂരതുളസി, മഞ്ഞള്‍, ഇഞ്ചി, പെരുംജീരകം ചായ എന്നിവയാണ് വയറു വീര്‍ക്കുന്നതിന് പരിഹാരമായി നിങ്ങള്‍ക്ക് കഴിക്കാവുന്ന ചില ഹെര്‍ബല്‍ ടീകള്‍.
ഏലക്ക
പരമ്പരാഗതമായി, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലം ഉപയോഗിച്ചുവരുന്നു. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വയറില്‍ ഗ്യാസ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലം ഫലപ്രദമാണ്. എലയ്ക്ക ചൂടുവെള്ളത്തിലിട്ട് നിങ്ങള്‍ക്ക് കുടിക്കാം. ഇത് വയറുവേദനയ്ക്കും ദഹനക്കേടിനും പരിഹാരം നല്‍കും.
ഇഞ്ചി
കാര്‍മിനേറ്റീവ് ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഇഞ്ചി. വയറുവേദന, മലബന്ധം, ദഹനക്കേട്, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത് വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്. വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച് നിങ്ങള്‍ക്ക് ഇഞ്ചി ചായ തയ്യാറാക്കി കഴിക്കാം. ഇത് വയറുവേദനയും വയര്‍ വീക്കവും നിയന്ത്രിക്കാന്‍ സഹായിക്കും.
കായം
പല ഭക്ഷണങ്ങളിലും കായം ഒരു ജനപ്രിയ ഘടകമാണ്. ശരീരവണ്ണം, ആര്‍ത്തവ വേദന, ദഹനക്കേട് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു എന്നതാണ് ഇതിന്റെ വലിയ ആരോഗ്യ ഗുണങ്ങള്‍. വയറു വീര്‍ക്കുന്നത് തടയാനും കായം നിങ്ങളെ സഹായിക്കും.
അയമോദകം
വയറു വീര്‍ക്കുന്നതുള്‍പ്പെടെയുള്ള ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഹെര്‍ബല്‍ പ്രതിവിധിയായി അയമോദകം ഉപയോഗിക്കുന്നു. ഇതിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് വയറു വീര്‍ക്കുന്നതിന് ഗുണം ചെയ്യും. കുറച്ച് അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് അത് തണുത്തശേഷം കുടിക്കുക.
മഞ്ഞള്‍
പ്രകൃതിയുടെ ഏറ്റവും ശക്തമായ മരുന്നുകളില്‍ ഒന്നായി മഞ്ഞള്‍ കണക്കാക്കപ്പെടുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിനും ഇത് നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. മഞ്ഞള്‍ നിങ്ങള്‍ക്ക് വെള്ളത്തിലോ മോരിലോ കലക്കിയും കഴിക്കാം. ഇത് വയറ്റിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വളരെയേറെ ഗുണം ചെയ്യും.
വയറ് വീക്കം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കാബേജ്, ബ്രസ്സല്‍ നട്‌സ്, ബീന്‍സ്, പയര്‍ തുടങ്ങിയ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- ച്യൂയിംഗ് ഗം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
- ഭക്ഷണം പതുക്കെ കഴിക്കുക.
- പുകവലി ഉപേക്ഷിക്കുക
- പാലും ലാക്ടോസ് അടങ്ങിയ മറ്റ് പാലുല്‍പ്പന്നങ്ങളും ഒഴിവാക്കുക
- ധാരാളം വെള്ളം കുടിക്കുക
- പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക
- നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക. കുടലില്‍ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിന് നാരുകള്‍ സഹായിക്കുന്നു. അടിഞ്ഞുകൂടിയ മലം പുറത്തെത്തിക്കാനും മലബന്ധം കുറയ്ക്കാനും ശരീരവണ്ണം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
- പതിവായി വ്യായാമം ചെയ്യുക. (ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)